വയറ്റിലെ കത്രികയുടെ എക്‌സറേ പരസ്യമാക്കാന്‍ തയ്യാറാണോ?; പിആര്‍ഡി നികുതിപ്പണം ഉപയോഗിച്ച് കളളം പ്രചരിപ്പിക്കുന്നു: സണ്ണി ജോസഫ്

Jaihind News Bureau
Thursday, March 5, 2026

തിരുവനന്തപുരം: പിആര്‍ഡി വഴി സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിന്റെ തകര്‍ച്ചയും ഭരണവിരുദ്ധ വികാരവും മറികടക്കാന്‍ ഉദ്യോഗസ്ഥരെ ചട്ടുകമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തുവര്‍ഷം മുന്‍പത്തെ ദേശാഭിമാനി വാര്‍ത്തകള്‍ നിരത്തി പിആര്‍ഡി വഴി നല്‍കിയ പരസ്യം ജനാധിപത്യവിരുദ്ധമാണ്. വികസന നേട്ടങ്ങള്‍ പറയാനില്ലാത്ത സര്‍ക്കാര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ഇത് ചെയ്തത്. ആരോഗ്യ മേഖലയുടെ തകര്‍ച്ചയെക്കുറിച്ച് പരസ്യം നല്‍കുന്നവര്‍, ഡോക്ടര്‍മാരുടെ വീഴ്ചമൂലം വയറ്റില്‍ കത്രികയുമായി കഴിയേണ്ടി വന്ന ഹര്‍ഷീനയുടെയും ഉഷയുടെയും എക്‌സറേ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണോ എന്ന് സണ്ണി ജോസഫ് ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേട്, കരിമണല്‍ കമ്പനിയില്‍ നിന്നുള്ള പണം കൈപ്പറ്റല്‍ തുടങ്ങിയവയെല്ലാം പരസ്യമാക്കാന്‍ സര്‍ക്കാരിനെ അദ്ദേഹം വെല്ലുവിളിച്ചു.

നികുതിപ്പണം ആറ്റിലൊഴുക്കിയാലും തിരിച്ചുവരില്ല: ഷാഫി പറമ്പില്‍

ജനങ്ങളുടെ നികുതിപ്പണം എത്ര ആറ്റിലൊഴുക്കിയാലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പിആര്‍ഡി ഉദ്യോഗസ്ഥരുടെ ശമ്പളവും പരസ്യത്തിന്റെ ബില്ലും നല്‍കുന്നത് എകെജി സെന്ററല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 18 മാസത്തെ പെന്‍ഷന്‍ യുഡിഎഫ് കാലത്ത് മുടങ്ങിയിട്ടില്ലെന്ന് മുന്‍ മന്ത്രി തോമസ് ഐസക്ക് തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും കള്ളം ആവര്‍ത്തിച്ച് സത്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അധികാരം പോകുമെന്ന വെപ്രാളം: എ.പി. അനില്‍കുമാര്‍

ഭരണം നഷ്ടപ്പെടുമെന്ന വെപ്രാളത്തിലാണ് സര്‍ക്കാര്‍ ഇത്തരം വഴിവിട്ട നടപടികള്‍ സ്വീകരിക്കുന്നതെന്ന് എ.പി. അനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കേണ്ട പിആര്‍ഡിയെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.