വീട് കയറി ലഹരി സംഘത്തിന്റെ ക്രൂരത; അമ്മയ്ക്കും മക്കള്‍ക്കും നേരെ മര്‍ദ്ദനം; വീട് അടിച്ചുതകര്‍ത്തു

Jaihind News Bureau
Tuesday, March 3, 2026

പത്തനംതിട്ട: പറക്കോട് വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ലഹരിമരുന്ന് സംഘത്തിന്റെ ക്രൂരമായ ആക്രമണം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ലഹരി വില്‍പന കേസിലെ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി അഴിഞ്ഞാടിയത്. പറക്കോട് സ്വദേശി സലീന, മക്കളായ ഫൈസല്‍, അഫ്‌സല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ബൈക്ക് ചെയിനും ചെയിന്‍ സോക്കറ്റും ഉപയോഗിച്ചാണ് കുട്ടികളെ സംഘം ക്രൂരമായി തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ കുട്ടികളുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിന് പുറമെ വീടിനുള്ളിലെ ഗൃഹോപകരണങ്ങളും വീടും സംഘം അടിച്ചുതകര്‍ത്തു. വലിയ നാശനഷ്ടങ്ങളാണ് വീട്ടിലുണ്ടായിരിക്കുന്നത്. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. പ്രതികളായ സാബിര്‍, അര്‍ഷിത്, ശ്രേയസ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.