
ഇറാനെതിരായ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇസ്രായേലിനൊപ്പം ചേർന്നുള്ള സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് ലോകത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും, ആ ഭീഷണി ഇല്ലാതാക്കാനാണ് അമേരിക്ക യുദ്ധത്തിൽ പങ്കുചേരുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നിരന്തരം നൽകിയ മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചുവെന്നും, അതിനാൽ വരും ആഴ്ചകളിലും ശക്തമായ ആക്രമണം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാന്റെ ആണവസമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ ശേഖരവും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. “അവർ ആണവായുധ നിർമ്മാണത്തിന്റെ വക്കിലാണ്. ആയുധനിർമ്മാണത്തിൽ നിന്ന് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ അത് കേട്ടില്ല. അതുകൊണ്ടാണ് ആക്രമിക്കാൻ ഞങ്ങൾ നിർബന്ധിതരായത്,” ട്രംപ് പറഞ്ഞു. ഇറാന്റെ ആണവമോഹങ്ങൾ തകർക്കാനുള്ള അവസാന അവസരമാണിതെന്നും അത് പൂർണ്ണമായും വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട ട്രംപ് അമേരിക്കയുടെ കൃത്യമായ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി. ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനോടകം തന്നെ ഇറാന്റെ പത്തോളം കപ്പലുകൾ അമേരിക്കൻ സൈന്യം കടലിന്റെ അടിത്തട്ടിലാക്കിയെന്നും അവരുടെ നാവികപ്പടയെ തകർക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കും വരെ സൈനിക നീക്കം തുടരുമെന്ന ഉറച്ച നിലപാടിലാണ് വൈറ്റ് ഹൗസ്.