
ടി 20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ആവേശകരമായ ജയം. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം. പാകിസ്ഥാന് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ഈ ജയത്തോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമായി.
ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തോളിലേറ്റിയത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കായിരുന്നു. വെറും 50 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച ബ്രൂക്കിന്റെ ഇന്നിംഗ്സാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. 17-ാം ഓവറില്‍ ബ്രൂക്കിനെ ഷഹീന് അഫ്രീദി പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിനടുത്തെത്തിയിരുന്നു.
ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് സുരക്ഷിതമായി ജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും 19-ാം ഓവറില്‍ മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് മത്സരത്തില്‍ നാടകീയത നിറച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 3 റണ്‍സ് വേണമെന്നിരിക്കെ, സാം കറന്റെയും വില്‍ ജാക്സിന്റെയും പോരാട്ടം ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് എടുത്തത്. 63 റണ്‍സ് നേടിയ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്പ് സ്കോറര്‍. ബാബര്‍ അസം, ഫഖര്‍ സമാന് എന്നിവര്‍ 25 റണ്‍സ് വീതം നേടി. ഇംഗ്ലണ്ടിനായി ലിയാം ഡോസണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ പുറത്താക്കി ഷഹീന് അഫ്രീദി പാകിസ്ഥാന് പ്രതീക്ഷ നല്‍കിയിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന ആദ്യ പാക് ബൗളര്‍ എന്ന റെക്കോര്‍ഡും ഷഹീന് സ്വന്തമാക്കി.