
കൊച്ചി:ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എന്ത് കുറ്റകൃത്യമാണ് തന്ത്രി ചെയ്തതെന്ന് എസ്.ഐ.ടി പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ടതുണ്ട്. തന്ത്രിയെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് സി.പി.എം ബൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചത്. അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയും ദുരൂഹതയുമുണ്ട്. സി.പി.എമ്മിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വഴി തിരിക്കുന്നതിന് വേണ്ടി തന്ത്രിയെ അറസ്റ്റു ചെയ്തതാണോയെന്ന് സംശയിക്കണം. തന്ത്രിക്ക് ജാമ്യം നല്‍കിയുള്ള കോടതി വിധിയില്‍ തെളിവ് ഇല്ലെന്നാണ് പറയുന്നത്. മന്ത്രിയെയോ തന്ത്രിയെയോ അറസ്റ്റു ചെയ്താല്‍ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം എന്താണെന്നു വ്യക്തമാക്കണമെന്ന് ജനുവരി 11-ന് തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. തെളിവന്റെ കണിക പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാള്‍ 40 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കട്ടെ. പക്ഷെ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയണം. ജയിലില്‍ കിടക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് ജനം അറിയട്ടെ.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും സംസ്ഥാനത്ത് നടക്കുന്നത്. ഒറ്റപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ആരോഗ്യരംഗത്തെ സിസ്റ്റം പൂര്‍ണമായും തകര്‍ന്നു. ബ്ലാക് സ്റ്റോണ്‍ പോലുള്ള വലിയ കമ്പനികള്‍ ഒരു കിടക്കയ്ക്ക് രണ്ടര കോടി രൂപ നല്‍കിയാണ് ആശുപത്രികള്‍ ഏറ്റെടുക്കുന്നത്. ഇതോടെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഈ സാഹചര്യത്തില്‍ പൊതുആരോഗ്യ സംവിധാനം തകരാതെ നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊതുആരോഗ്യ സംവിധാനത്തെ സംരക്ഷിക്കാനാണ് യു.ഡി.എഫ് ആരോഗ്യ കോണ്‍ക്ലേവ് നടത്തി നയരേഖ പ്രകാശനം ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമുണ്ടാകും. ഏത് സ്വകാര്യ മേഖലയോടും പിടിച്ചു നില്ക്കാന് പറ്റുന്ന തരത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ സംവിധാനം ഉണ്ടാക്കും. സംസ്ഥാനത്ത് വ്യാപകമായി സിസ്റ്റത്തിന്റെ തകരാര്‍ ആവര്‍ത്തിക്കുകയാണ്. അതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പല ആശുപത്രികളിലും ജീവനക്കാരില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിന് നിര്‍മ്മിച്ച കെട്ടിടം വെറുതെ കിടക്കുകയാണ്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും ആളില്ല. പല മെഡിക്കല്‍ കോളജുകളിലും താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്സ് റഫര്‍ ചെയ്യുകയാണ്. ആരോഗ്യരംഗത്ത് ഒരു മാറ്റവും ഉണ്ടാക്കാതെ വാചകമടി മാത്രമാണ് നടന്നത്.
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അയച്ചത് പ്രതിപക്ഷ നേതാവാണെങ്കില്‍ എന്റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐക്കാര്‍ ഇരച്ചുകയറി ചെടിച്ചട്ടി ഉള്‍പ്പെടെ തകര്‍ത്തത് മന്ത്രിമാരുടെ പിന്തുണയോടെയാണോ? മന്ത്രിമാരാണോ അവരെ അയച്ചത്? പറവൂരിലെ സ്വകാര്യ വസതിയിലേക്ക് 30 പേര് വന്ന് ബഹളമുണ്ടാക്കി അവിടെയുണ്ടായിരുന്നവരെ അടിച്ചു. എന്നിട്ടും വീടിനുള്ളില്‍ നിന്നവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമികള്‍ക്കെതിരെ കേസില്ല. സാധാരണയായി റീത്ത് വയ്ക്കല്‍ ഞങ്ങളുടെ പരിപാടിയല്ല. പയ്യന്നൂരില്‍ റീത്ത് വച്ചത് ആരാണ്? നിന്നെ ഞങ്ങള്‍ കൊല്ലും എന്നാണ് എം.എന്‍ വിജയന്റെ മകനോട് പറഞ്ഞത്. മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വയ്ക്കാന്‍ പറയലല്ല എന്റെ ജോലി. എന്റെ വീട്ടിലേക്ക് ആളെ അയച്ചത് മന്ത്രിമാരാണോ എന്നു കൂടി പറഞ്ഞാല്‍ മതി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ അക്രമം ഉണ്ടാക്കിയവര്ക്കിതെരെയും സ്വകാര്യ വസതിയില്‍ അക്രമം കാട്ടിയവര്ക്കെതിരെയും കേസില്ല. അങ്ങനെയുള്ളവരാണ് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്. അതെല്ലാം തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകും.
വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ കല്ലിടല്‍ ചടങ്ങ് 26-ന് നടക്കും. വീട് നിര്‍മ്മാണത്തിന് വാങ്ങിയ സ്ഥലത്ത് വച്ചാണ് മാധ്യമങ്ങളെ കണ്ടത്. സര്‍ക്കാര്‍ സ്ഥലം എടുക്കാന്‍ ഒരു വര്‍ഷമെടുത്തു. ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞ സ്ഥലം നിഷേധിച്ചപ്പോഴാണ് സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍ ഒരു വര്‍ഷം എടുത്തപ്പോള്‍ ഞങ്ങള്‍ നാലു മാസം കൊണ്ട് സ്ഥലം ഏറ്റെടുത്തു. ആന കേറുന്ന സ്ഥലമാണെന്നാണ് സി.പി.എം പ്രചരിപ്പിച്ചത്. കള്ളപ്രചരണമാണ് സി.പി.എം മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും നടത്തുന്നത്.