നെല്ലറയുടെ നാടിന് കൈത്താങ്ങായി ‘പാലക്കാട് ഡോക്യുമെന്റ്’; കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വി.ഡി സതീശന്‍

Jaihind News Bureau
Tuesday, February 17, 2026

 

പാലക്കാട്: സംസ്ഥാനത്തെ നെല്‍ സംഭരണത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച പറ്റിയെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാലക്കാട് നടന്ന ”സംവദിക്കാം പുതുയുഗത്തിനായി” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് യു.ഡി.എഫ് തയ്യാറാക്കുന്ന ‘പാലക്കാട് ഡോക്യുമെന്റില്‍’ കര്‍ഷകര്‍ക്കും പിന്നാക്ക മേഖലകള്‍ക്കും പ്രത്യേക കരുതല്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

നെല്ലറയുടെ നാട്ടില്‍ കര്‍ഷകര്‍ നേരിടുന്ന അവഗണനയ്ക്ക് അറുതി വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫിന്റെ വികസന രേഖയില്‍ നെല്‍കര്‍ഷകര്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഒപ്പം, ആദിവാസി മേഖലയായ അട്ടപ്പാടിയെ ലോകത്തിന് മാതൃകയാക്കുന്ന രീതിയിലുള്ള പ്രത്യേക പാക്കേജും വികസന പദ്ധതികളും പാലക്കാട് ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പാലക്കാട് മെഡിക്കല്‍ കോളേജ് വികസന കാര്യത്തില്‍ പിന്നോട്ടുപോയതായും അദ്ദേഹം വിമര്‍ശിച്ചു.

ജി.എസ്.ടി തട്ടിപ്പുകളില്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്ന സാഹചര്യം നിലവിലുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇത്തരം അഴിമതികള്‍ക്ക് അന്ത്യം കുറിക്കും. വ്യാപാരികളും വ്യവസായികളും സര്‍ക്കാരിന്റെ ശത്രുക്കളല്ല, മറിച്ച് സുഹൃത്തുക്കളാകുന്ന ഒരു സാഹചര്യം സംസ്ഥനത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തകര്‍ച്ച നേരിടുന്ന നിര്‍മ്മാണ മേഖലയെയും സ്വകാര്യ ബസ് വ്യവസായത്തെയും പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീകരണത്തിനായി ആധുനിക കോഴ്‌സുകള്‍ ആരംഭിക്കും. ഇതിനായുള്ള ‘ഹയര്‍ എഡ്യൂക്കേഷന്‍ ഡോക്യുമെന്റ്’ ഫെബ്രുവരി 19-ന് തൃശൂരില്‍ പ്രകാശനം ചെയ്യും. പാലക്കാടിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ‘ഹെറിറ്റേജ് ടൂറിസം പ്രോജക്ട്’ നടപ്പിലാക്കും. കായികരംഗത്തിനും ക്ഷീര വ്യവസായ മേഖലയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുമെന്നും സതീശന്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന രീതിയില്‍ നിര്‍മ്മാണ മേഖല തകര്‍ന്നതും അവശ്യസാധനങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.