രാജ്യത്ത് മോദിയുടെ വോട്ട് ചോരി; കേരളത്തില്‍ പിണറായിയുടെ സിപിഎം വോട്ട് ചോരി

Jaihind News Bureau
Monday, November 17, 2025

തിരുവനന്തപുരം: രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മിഷനും മോദി സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന വോട്ട് കൊള്ള ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയപ്പോള്‍ മിണ്ടാത്ത ഒരു വിഭാഗമാണ് കേരളത്തിലെ സിപിഎം നേതൃത്വം. അതിന്റെ കാരണം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവുകയാണ്. രാജ്യ വ്യാപകമായി വോട്ട് കൊള്ള നടക്കുമ്പോള്‍ കേരത്തിലും വന്‍ വോട്ട് കൊള്ള് നടക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎമ്മിന്റെ ക്രമക്കേട്.

വോട്ടര്‍ പട്ടികയില്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പര്‍ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ താമസിക്കുന്നത് 22 പേരെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്‌ക്കെതിരെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടു നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തായത്.

തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി.നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേര്‍ത്തിരിക്കുന്നത്.ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തിലാണ് കോര്‍പറേഷന്‍ റവന്യു വിഭാഗം നമ്പര്‍ അനുവദിക്കുന്നത്. ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം ഉയരാന്‍ കാരണം. മുട്ടട മാതൃകയില്‍ സിപിഎം ഒരു വീട്ടുനമ്പറില്‍ ഒട്ടേറെപ്പേരെ ചേര്‍ത്തെന്നും ആക്ഷേപം ഉയരുകയാണ്.

നേരത്തെ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വോട്ട് കൊള്ളയെപ്പറ്റി വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ കേരളത്തിലെ സിപിഎമ്മിന്റെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തങ്ങളും വോട്ട് കൊള്ള നടത്തുന്നു എന്നത് കൊണ്ടാണ് സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്.