കേരളത്തിലെ ഏഴു ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

Jaihind News Bureau
Friday, April 3, 2020

കേരളത്തിലെ ഏഴു ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളെയാണു ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്.

ഇന്നലെ 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണി അടക്കം രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായത്. സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 8456 സാംപിളുകളില്‍ 7622 എണ്ണത്തില്‍ റിസള്‍ട്ട് നെഗറ്റീവാണ്.

കൊല്ലം :

വിദേശത്ത് നിന്ന് എത്തിയ ഗർഭിണിയായ യുവതിയ്ക്കും തബലിക്ക് സമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതയും നിയന്ത്രണവും കർശനമാക്കി. ഇവരുടെ റൂട്ട് മാപ്പ് തയ്യറാക്കിയ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇവരുമായി നേരിട്ട് ഇടപഴകിയ വരെ നിരീക്ഷണത്തിലാക്കി.

ഇടുക്കി:

ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്- 19- സ്ഥിരീകരിച്ചു. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചതായി പറയുന്ന പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ രണ്ടു പേരുടെ ബന്ധുക്കളും നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ ആദ്യ പരിശോധനാ ഫലം ഒഴികെ പിന്നീട് മൂന്ന് ഫലവും നെഗറ്റീവ് ആയിട്ടും ആശുപത്രി വിടാൻ അനുവാദം നൽകിയിട്ടില്ല.