2022 ലോകകപ്പ് യോഗ്യതാ മൽസരം : ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ

Jaihind News Bureau
Wednesday, September 11, 2019

2022 ലോകകപ്പിനുള്ള ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് യോഗ്യതാ മൽസരത്തിൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ. ഗുർപ്രീത് സിങിന്‍റെ ഉജ്ജ്വല ഫോമാണ് ദോഹയിലെ ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ മത്സരം ഗോൾരഹിത സമനിലയിലാക്കിയത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ പ്രതീക്ഷ നിലനിർത്തി.

ദോഹയിലെ അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന ആവേശഭരിതമായ മൽസരത്തിൽ ആയിരക്കണക്കിനു വരുന്ന ഇന്ത്യൻ കാണികളുടെ മുന്നിലായിരുന്നു ഇന്ത്യൻ ടീമിന്‍റെ കരുത്തുറ്റ പ്രകടനം. ഇന്ത്യൻ ടീമിന്‍റെ തുറുപ്പുചീട്ടായ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ അഭാവത്തിൽ ഇറങ്ങിയ ഇന്ത്യൻനിര ആദ്യപകുതിയിൽ വിയർത്തെങ്കിൽ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയിൽ പ്രതിരോധത്തിൽ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്.

ആദിൽ ഖാൻ, ജിങ്കൻ എന്നിവർ പ്രതിരോധ നിരയിൽ മുന്നിട്ടുനിന്നു. ഇന്ത്യൻ നിരയിലെ യഥാർഥതാരം ഗോളിയും താൽക്കാലിക ക്യാപ്റ്റൻ ചുമതലയുമുള്ള ഗുർപ്രീത് സിങ് സന്ധുവാണ്. ഗുർപ്രീതിന്‍റെ മികച്ച നിരവധി സേവുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഖത്തർ ഇന്ത്യയേക്കാൾ മുന്നേറുകയും നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ, പ്രതിരോധനിരയുടെ കരുത്തും ഗുർപ്രീതിന്‍റെ സേവുകളും ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു.

പനിയെത്തുടർന്ന് ക്യാപ്റ്റൻ ഛേത്രി കളിച്ചില്ല.

ഗ്രൂപ്പ് ഇയിൽ നടന്ന മറ്റൊരു മൽസരത്തിൽ അഫ്ഗാനിസ്ഥാൻ ആദ്യജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത്. നൂർ ആണ് 27ആം മിനിറ്റിൽ അഫ്ഗാന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ രണ്ട് മൽസരങ്ങളിൽനിന്ന് അഫ്ഗാന് മൂന്ന് പോയിന്‍റായി. ആദ്യ മൽസരത്തിൽ ഖത്തർ അഫ്ഗാനെ പരാജയപ്പെടുത്തിയിരുന്നു.
ഇതോടെ പോയിന്‍റ് നിലയിൽ ഖത്തർ ഒന്നാമതും ഒമാൻ, അഫ്ഗാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇന്ത്യ ഒരു പോയിന്‍റുമായി നാലാമതുമാണ്. ബംഗ്ലാദേശ് അഞ്ചാംസ്ഥാനത്താണ്