മലയാളികള്‍ ഉള്‍പ്പടെയുള്ള കൊവിഡ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് വക സൗജന്യ വിമാന ടിക്കറ്റ്

Jaihind News Bureau
Monday, May 11, 2020

ദോഹ : കൊവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് , ഖത്തര്‍ എയര്‍വേയ്സ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഒരു ലക്ഷം വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുക. കൊവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്. ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  ടിക്കറ്റിനായി അപേക്ഷിക്കാം. ഇതിനായി, മേയ് 12 അര്‍ധരാത്രി ഒന്ന് മുതല്‍ മേയ് 18 ദോഹ സമയം രാത്രി 11.59 വരെയുള്ള സമയങ്ങളില്‍ ടിക്കറ്റിനായി റജിസ്റ്റര്‍ ചെയ്യാം. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുക. അപേക്ഷകള്‍ക്ക് https://www.qatarairways.com/en-qa/offers/thank-you-medics.html  എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിക്കും.