18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയില്‍ ഹൈക്കോടതി വിധി ഇന്ന്

Jaihind Webdesk
Thursday, June 14, 2018

തമിഴ്‌നാട്ടിൽ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചാൽ സർക്കാരിനു തൽക്കാലം ഭീഷണിയുണ്ടാകില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കിൽ അത് അണ്ണാഡിഎംകെയ്ക്കു ചെറുതല്ലാത്ത ഭീഷണിയാകും ഉയർത്തുക.

അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ആർകെ നഗർ എംഎൽഎയുമായ ദിനകരനോടു കൂറു പ്രഖ്യാപിച്ച്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവർണർക്കു കത്തു നൽകിയ 18 എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്.

കേസിൽ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.സുന്ദർ എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണു വിധി പറയുക. സ്പീക്കറുടെ നടപടി കോടതി ശരിവെച്ചാൽ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. എന്നാൽ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കിൽ അത് അണ്ണാഡിഎംകെയ്ക്കു ചെറുതല്ലാത്ത ഭീഷണിയാകും ഉയർത്തുക. ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റ് പ്രതിപക്ഷം നേടിയാൽ മന്ത്രിസഭയെ താഴെ വീഴ്ത്താൻ അതു മതി. ദിനകരൻ പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ നിലനിൽപ് ഗുരുതര പ്രതിസന്ധിയിലുമാകും. പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനകരൻ പക്ഷത്തെ 19 എംഎൽഎമാർ ഗവർണറെ കണ്ടത്. ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ് സ്പീക്കർക്കു കത്തു നൽകി. എംഎൽഎമാർ പാർട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇവരിൽ ഒരു എംഎൽഎ പിന്നീട് നിലപാട് മാറ്റി. ചീഫ് വിപ്പിന്റെ കത്തിന്‍റെ അടിസ്ഥാനത്തിൽ 18 പേരെ സ്പീക്കർ അയോഗ്യരാക്കി. ഇതിനെതിരെയാണു എംഎൽഎമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജനുവരിയിൽ വാദം പൂർത്തിയാക്കിയിരുന്നെങ്കിലും വിധി പറയുന്നതു പത്തുമാസത്തോളം നീണ്ടുപോവുകയായിരുന്നു.