18 അണ്ണാ ഡിഎംകെ എംഎൽഎമാർ അയോഗ്യര്‍ തന്നെ

Jaihind Webdesk
Thursday, October 25, 2018

തമിഴ്‌നാട്ടിൽ ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സ്പീക്കറുടെ തീരുമാനം അന്തിമമെന്നും കോടതി വ്യക്തമാക്കി. ദിനകരൻ പക്ഷത്തെ എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്.  ജഡ്ജി സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഗവർണറെ കണ്ട 18 എംഎല്‍എമാരെ സ്പീക്കർ പി.ധനപാലൻ അയോഗ്യരാക്കിയിരുന്നു. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജൂൺ 14ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് എം.സുന്ദറും ആണ് വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത്. സ്പീക്കർ പി.ധനപാലിന്‍റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചു എന്നാല്‍ ജസ്റ്റിസ് സുന്ദർ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. ഇതോടെ മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തൽസ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് ഉത്തരവായി.

ഇതേത്തുടര്‍ന്ന് തർക്കം സുപ്രീംകോടതിയിലെത്തുകയായിരുന്നു.  തുടർന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിധി പറയാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു.