ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു

Jaihind News Bureau
Friday, December 27, 2019

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. രാജാക്കാട് – കുഞ്ചിത്തണ്ണി സംസ്ഥാന പാതയിൽ തേക്കിൻകാനം കാഞ്ഞിരം വളവിന് സമീപം തമിഴ്നാട്ടിൽ നിന്നുള്ള കരകവിളയാട്ട സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തേനി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. മറ്റുള്ളവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രികളിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സ്വദേശത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മധുരയിൽ നിന്ന് കുഞ്ചിത്തണ്ണി ഇരുപതേക്കർ ഇരുട്ടള മാരിയമ്മൻ കോവിലിലെ ഉൽസവത്തിന് കരകവിളയാട്ടം അവതരിപ്പിക്കാൻ എത്തിയതായിരുന്നു 18 പേർ അടങ്ങിയ സംഘം. അമിത വേഗതയിൽ വന്ന വാഹനം കാഞ്ഞിരം വളവ് പിന്നിട്ട ശേഷം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേയ്ക്ക് കീഴ്മേൽ മറിയുകയായിരുന്നു. രാജാക്കാട് പൊലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.