മഴയ്ക്ക് നേരിയ ശമനം; പെരിയാറിലെ ജലനിരപ്പ് താഴുന്നു

Jaihind News Bureau
Sunday, August 12, 2018

പെരിയാറിൽ ജലനിരപ്പ് താഴ്ന്നതോടെ ആലുവ തീരത്തെ ആശങ്ക അകലുന്നു. എന്നാൽ പല വീടുകളിലും വെള്ളം ഇറങ്ങാത്തതിനാൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.

കനത്ത മഴയ്ക്ക് അല്‍പം ശമനമായതോടെ പെരിയാറിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്. വെള്ളം കുറഞ്ഞതിനാൽ പല കുടുംബങ്ങളും വീടുകളിലേക്ക് തിരികെ മടങ്ങി. വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരാണ് ഇപ്പാൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഏറെയും.

എന്നാല്‍ ചെളിവെള്ളം കയറി കിണര്‍വെള്ളം  മലിനമായതിനെ തുടർന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പ്രദേശത്ത് അനുഭപ്പെടുന്നത്. കുടിവെള്ളമെത്തിക്കാൻ ബദൽ സംവിധാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

പെരിയാറിന്‍റെ തുരുത്തുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കൃഷിക്കാർക്കുണ്ടായത്. കർഷകർക്കുണ്ടായ നഷ്ടത്തിന്‍റെ തോതിനനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മുഖ്യമന്ത്രിയോടും പ്രതിപക്ഷനേതാവിനോടും കർഷകർ ആവശ്യപ്പെട്ടു. ആവശ്യമായ സഹായം നൽകുമെന്ന് ഇരുവരും കർഷകരെ അറിയിച്ചു.

വെള്ളം താഴ്‌ന്നെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ തുടരുകയാണ്. എറണാകുളം ജില്ലയിൽ ഇന്ന് മഴക്ക് ശമനമുണ്ടെങ്കിലും ജില്ലയിൽ നാളെ വരെ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.