ബ്രസീലിന് ആദ്യ ജയം; കോസ്റ്റാറിക്കയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

Jaihind News Bureau
Saturday, June 23, 2018

അവസാന നിമിഷം തിരിച്ചുവരവ് നടത്തിയപ്പോൾ കോസ്റ്റാറിക്കയ്‌ക്കെതിരെ ബ്രസീൽ ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. ഇഞ്ച്വറി ടൈമിൽ കൂട്ടിഞ്ഞോയും നെയ്മറും നേടിയ ഗോളിലൂടെയാണ് ബ്രസീൽ ജയം കൈപ്പിടിയിൽ ഒതുക്കിയത്.

ഒടുവിൽ സമനിലക്കുരുക്ക് അഴിഞ്ഞു. കോസ്റ്റാറിക്കയുടെ പ്രതിരോധപ്പൂട്ട് അഴിച്ച് അവസാന നിമിഷം ബ്രസീൽ വിജയം പിടിച്ചുവാങ്ങി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച് ബ്രസീലിന്റെ മുന്നേറ്റമാണ് കണ്ടത്. പക്ഷേ ആക്രമണങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല.

പലവട്ടം പ്രത്യാക്രമണം നടത്തി കോസ്റ്റാറിക്ക ഭയപ്പെടുത്തി. അപ്പോഴും പന്ത് കൈവശം വച്ച് ആക്രമണങ്ങൾ സംഘടിപ്പിക്കുന്നുണ്ടായിരുന്നു ബ്രസീൽ. കോസ്റ്റാറിക്കൻ ഗോളി കെയ്‌ലർ നവാസ് പോസ്റ്റിന് മുന്നിൽ വൻമതിലായി.

കളിയുടെ ചുക്കാൻ പിടിച്ച് ആക്രമണങ്ങൾ സംഘടിപ്പിച്ചുകൊണ്ടേയിരുന്നു ബ്രസീൽ. അവസാനം പ്രയ്ത്‌നം ഫലപ്രാപ്തിയിലേക്ക്. എക്‌സ്ട്രാ ടൈമിന്റെ ആദ്യമിനിറ്റിൽ കുട്ടീഞ്ഞോ പ്രവർത്തിച്ചു. കോസ്റ്റാറിക്കൻ പ്രതിരോധത്തിലെ ചെറിയ വിടവ് മുതലെടുത്ത് ജീസസ് നൽകിയ പന്ത് കൂട്ടീഞ്ഞോയിലൂടെ ഗോളിയെ മറികടന്ന് കോസ്റ്റാറിക്കൻ പോസ്റ്റിൽ .

ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ആരാധകർ കാത്തിരുന്ന ഗോളും പിറവിയെടുത്തു. നെയ്മറിന്റെ വക കോസ്റ്റാറിക്കൻ പോസ്റ്റിൽ ബ്രസീലിന്റെ വിജയഗോൾ. പിന്നീട് വികാര നിർഭര നിമിഷം. ലോകമെങ്ങുമുള്ള മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആഹ്ലാദനിമിഷം സമ്മാനിച്ച വിജയം.