കോപ്പാ അമേരിക്ക ഫുട്ബോൾ : ബ്രസീലിന് വിജയത്തുടക്കം

Jaihind Webdesk
Saturday, June 15, 2019

46-ആം കോപ്പാ അമേരിക്ക ഫുട്ബോൾ ചാംമ്പ്യൻഷിപ്പില്‍ ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ തകർത്തു. ബ്രസീലിലെ അഞ്ചു വേദികളിലായി 12 ടീമുകളാണ് ഇക്കുറി കോപ്പയ്ക്കായി മാറ്റുരയ്ക്കുന്നത്.

സൂപ്പർതാരം നെയ്മറിന്‍റെ പരുക്കിനും തങ്ങളുടെ കിരീട സ്വപ്നങ്ങളെ തളർത്താനാവില്ലെന്ന പ്രഖ്യാപനമായിരുന്നു ബ്രസീലിന്‍റെ വിജയം. രാവിലെ നടന്ന ഉദ്ഘാടന മൽസരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയയെ തകർത്തത്. ഇരട്ടഗോള്‍ നേടിയ ഫിലിപ്പെ കുടീഞ്ഞോയും തന്‍റെ കന്നി രാജ്യാന്തര ഗോള്‍ സ്വന്തമാക്കിയ യുവതാരം എവർട്ടന്‍റെ മാണ് ബ്രസീലിന് ഉജ്ജ്വല വിയമൊരുക്കിയത്.

പന്തടക്കത്തിലും പാസിങ്ങിലും ആക്രമണത്തിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം മഞ്ഞപ്പടയുടെ ആധികാരിക ജയം. ആദ്യ പകുതി നിറം മങ്ങിയതായിരുന്നു. ഗോൾരഹിതം. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. റിച്ചാർലിസന്റെ ഷോട്ട് തടുക്കാൻ ശ്രമിച്ച ബൊളീവിയൻ ഡിഫൻഡർ അഡ്രിയാൻ ജുസീനോയുടെ ശ്രമം പെനൽറ്റിയിൽ കലാശിച്ചു. നെയ്മറില്ലായിരുന്നു. പകരം കിക്കെടുത്ത ബാർസലോണതാരം കുടീഞ്ഞോ ഗോൾകീപ്പർ കാർലോസ് ലാംപെയ്ക്ക് യാതൊരു അവസരവും നൽകിയില്ല.

തൊട്ടുപിന്നാലെ കുടീഞ്ഞോയുടെ ബുള്ളറ്റ് ഹെഡറില്‍ ബ്രസീലിന്‍റെ രണ്ടാം ഗോളും വല കുലുക്കി. റിച്ചാർലിസനിൽനിന്നു ലഭിച്ച പന്തുമായി വലതുവിങ്ങിൽ മുന്നോട്ടുകയറിയ റോബർട്ടോ ഫിർമീനോ ബോക്സിലേക്ക് തൊടുത്ത ക്രോസിനെ ഹെഡ് ചെയ്ത് കുടീഞ്ഞോയും പന്തിനൊപ്പം വലയിലെത്തി.

രണ്ടാമത് ഗോളിന് പിന്നാലെ ടീമില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ഡേവിഡ് നെറസിനു പകരം എത്തിയ എവർട്ടനാണ് ബ്രസീലിന് വേണ്ടി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കിയത്. മൽസരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയായിരുന്നു തകർപ്പൻ ലോങ് റേഞ്ചറിലൂടെ എവർട്ടന്‍റെ ഗോള്‍.

ഇനി 19നാണ് ബ്രസീലിനും ബൊളീവിയയ്ക്കും അടുത്ത മത്സരം. ബ്രസീല്‍ വെനസ്വേലയെയും ബൊളീവിയ പെറുവിനെയും നേരിടും.