മെക്സിക്കോയെ തകര്‍ത്ത് മഞ്ഞപ്പട ക്വാര്‍ട്ടറില്‍

Jaihind News Bureau
Tuesday, July 3, 2018

ലോകകപ്പ് പ്രീ ക്വാർട്ടറിൽ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നെയ്മറിന്റെ ഗോളിൽ അക്കൌണ്ട് തുറന്ന ബ്രസീൽ മത്സരാവസാനം ഫിർമിനോയുടെ ഗോളിലാണ് ലീഡ് രണ്ടാക്കി ജയം ഉറപ്പിച്ചത്.

മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മെക്‌സികോയ്ക്ക് അവസരം നൽകാതെയാണ് കാനറി പട മത്സരം പൂർത്തിയാക്കിയത്.
മാർസെലോ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. പകരം ഫിലിപ്പേ ലൂയിസ് ഇടം നേടി. ഡാനിലോ കായിക ക്ഷമത വീണ്ടെടുത്തെങ്കിലും റൈറ്റ് ബാക്കിൽ ഫാഗ്‌നർ സ്ഥാനം നിലനിർത്തി.

മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ ബോക്‌സിൽ അപകടം വിതക്കാൻ മെക്‌സിക്കൻ ആക്രമണ നിരയ്ക്കായി. ഒന്നിന് പിറകെ ഒന്നൊന്നായി മെക്‌സിക്കൻ ആക്രമണം തുടർന്നപ്പോൾ രക്ഷക്കെത്തിയത് ബ്രസീലിന്റെ മികച്ച പ്രതിരോധ നിരയാണ്. മത്സരം 25 മിനിട്ട് പിന്നിട്ടതോടെ ബ്രസീലിന്റെ മികച്ചൊരു ആക്രമണം ഗോളാകാതെ പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കുട്ടീഞ്ഞോയുടെ മികച്ച ഷോട്ടും ഒചൊവ തടുത്തിട്ടു. പക്ഷെ ഏറെ വൈകാതെ 51-ാം മിനിട്ടിൽ ബ്രസീൽ കാത്തിരുന്ന ഗോളെത്തി. മെക്‌സിക്കൻ ബോക്‌സിൽ വില്ലിയൻ നൽകിയ മനോഹര പാസ് നെയ്മർ വലയിലേക്ക് തിരിച്ചിട്ടു. ഗോൾ വഴങ്ങിയ മെക്‌സിക്കോ ഉണർന്നതോടെ മത്സരം ആവേശകരമായി.

തുടര്‍ന്ന് ഡോസ് സാന്റോസിനെ മെക്സിക്കോ കളത്തിൽ ഇറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് മെക്‌സിക്കോയുടെ ആദ്യ ഷോട്ട് എത്തിയത്. പക്ഷെ ബ്രസീൽ ഗോളി അലിസൻ രക്ഷക്കെത്തി. പകരക്കാരനായി ഇറങ്ങിയ ഫിർമിനോയാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. മധ്യനിരയിൽ ഫെര്‍ണാണ്ടിഞ്ഞോ നൽകിയ പന്ത് സ്വീകരിച്ച നെയ്മറിന്റെ പാസ് മെക്‌സിക്കൻ ഗോളി ഒചൊവായുടെ കാലിൽ തട്ടി ഫിർമിനോയുടെ അടുത്തേക്ക്. പിഴയ്ക്കാതെ പന്ത് താരം വലയിലാക്കി.

പിന്നീടുള്ള ഓരോ മെക്‌സിക്കൻ ആക്രമണവും ബ്രസീൽ പ്രതിരോധനിര ഒത്തിണക്കത്തോടെ തടുത്തതോടെ മഞ്ഞപ്പട ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി.