ബെല്‍ജിയം മൂന്നാം സ്ഥാനക്കാര്‍; ഇംഗ്ലണ്ടിനെ തോല്‍പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

Jaihind News Bureau
Sunday, July 15, 2018

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ബെൽജിയത്തിന് ജയം.
കരുത്തരായ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം പരാജയപ്പെടുത്തിയത്. ഇരുപകുതികളിലുമായി തോമസ് മ്യുനിയറും നായകൻ ഈഡൻ ഹസാർഡും നേടിയ ഗോളുകളാണ് ബെൽജിയത്തിന് മിന്നും ജയം സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ബെൽജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

മത്സരം ചൂടുപിടിക്കും മുന്നെ തന്നെ ആദ്യ ഗോൾ പിറന്നു. നാലാം മിനിറ്റിൽ തന്നെ തോമസ് മുനൈർ നേടിയ ഗോളിനാണ് ബെൽജിയം ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നൽകുന്നത്. ബോക്‌സിന്റെ ബോക്‌സിന്റെ വലത് വശത്തു നിന്ന് ചാഡിൽ നൽകിയ ക്രോസ് ടാപ്പിനെ മനോഹരമായി വലയ്ക്കുള്ളിലെത്തിച്ച് മുയ്‌നീർ അക്കൌണ്ട് തുറക്കുകയായിരുന്നു.

ആവേശകരമായിരുന്നു ആദ്യ പകുതി. ഇരുടീമുകളും നിരവധി തവണ ഗോൾ മുഖത്തെത്തിയെങ്കിലും ഗോൾ കീപ്പർമാർ രക്ഷക്കെത്തി. 22-ാം മിനിറ്റിൽ സമനില പിടിക്കാൻ ഇംഗ്ലണ്ടിന് അവസരം ലഭിച്ചിരുന്നു, ഗോൾ പോസ്റ്റിന് മുന്നിൽ വെച്ച് സ്റ്റെർലിംഗ് നൽകിയ പന്ത് ഹാരി കെയ്ൻ പുറത്തേക്ക് അടിച്ചുകളഞ്ഞു.

മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ഇറങ്ങിയത്. സ്റ്റെർലിംഗിന് പകരം മാർക്‌സ് റാഷ്‌ഫോഡിനെയും റോസിന് പകരം ലിംഗാർഡിനെയും കളത്തിൽ ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടി. ആദ്യ പകുതിയേക്കാൾ മികച്ചതായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കം. ലോഫ്റ്റസ് ചീകും റാഷ്‌ഫോർഡും നിരന്തരം ബെൽജിയം ഗോൾ മുഖത്തേക്ക് പന്തുമായി എത്തി. ഇതിനിടയിൽ ലുകാകുവിന് ലഭിച്ച ഒരു സുവർണാവസരം മോശം ഫസ്റ്റ് ടച്ച് മൂലം നഷ്ടമായി.

69-ാം മിനിറ്റിൽ ആണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച അവസരം പിറന്നത്. റാഷ്‌ഫോർഡ് നൽകിയ പന്തമായി എറിക് ഡയർ ബോക്‌സിലേക്ക് കയറി ഗോൾ കീപ്പർ കോർട്ടോയെ മറികടന്ന് പന്ത് ഗോൾ വലയിലേക്ക് തട്ടി എങ്കിലും ഗോൾ ലൈനിൽ വെച്ചു ആൽഡർവൈഡ് അതിവിദഗ്ധമായി ഗോൾ ലൈൻ സേവിലൂടെ ബെല്‍ജിയത്തിന്റെ രക്ഷക്കെത്തി.

ഇംഗ്ലണ്ട് നിരന്തരം ബോക്‌സിലേക്ക് എത്തിയതോടെ ബെല്‍ജിയം പ്രതിരോധത്തിലേക്ക് നീങ്ങി. എന്നാൽ കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ട് മുഖത്തേക്ക് എത്തിയ ബെൽജിയം താമസിയാതെ ലീഡ് ഉയർത്തുകയും ചെയ്തു. ഡി ബ്രൂയ്‌ന്റെ നേതൃത്വത്തിൽ ഒന്നാന്തരം ഒരു കൗണ്ടർ അറ്റാക്കിലൂടെ ഹസാർഡ് ബെൽജിയത്തിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് ബെല്‍ജിയത്തിന്‍റെ വിജയത്തിന്‍റെ മാറ്റ് കൂട്ടുന്നു. ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ വിജയവുമായാണ് ചുവന്ന ചെകുത്താന്മാർ മടങ്ങുന്നത്.