സതാംപ്ടണ്‍ ടെസ്റ്റ് : ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് പരമ്പര

Jaihind Webdesk
Monday, September 3, 2018

സതാംപ്ടണിൽ നടന്ന ടെസ്റ്റിൽ 60 റൺസിന് മൂന്നാംവിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ നാലാം ടെസ്റ്റ് ആതിഥേയർ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റിൽ ഇന്ത്യയും വിജയിച്ചു.

സതാംപ്ടണിൽ 245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 184 റൺസിന് ഓൾഔട്ടായി. 58 റൺസെടുത്ത വിരാട് കോലിയാണ് ടോപ് സ്‌കോറർ. അജിൻക്യ രഹാനെ 51 റൺസെടുത്തു. ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ പൊടുന്നനെ നഷ്ടമായതോടെ വിജയ പ്രതീക്ഷ നഷ്ടമായി. ശിഖർ ധവാൻ (17), കെ.എൽ. രാഹുൽ (0), ചേതേശ്വർ പൂജാര (5) എന്നിവർ പുറത്താവുമ്പോൾ 22 റൺസ് മാത്രമാണ് സ്‌കോർ ബോർഡിലുണ്ടായിരുന്നത്.

എന്നാൽ പിന്നീട് ഒത്തുച്ചേർന്ന് കോലിയും രഹാനെയും റൺസ് ഉയർത്തി. സൂക്ഷ്മതയോടെ ബാറ്റേന്തിയ ഇരുവരും അഞ്ചാം വിക്കറ്റിൽ 101 റൺസാണ് നേടിയത്.
നാല് ഫോർ ഉൾപ്പെടെയാണ് 58 റൺസെടുത്ത കോലിയെ ഔട്ടാക്കിയത് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നൽകി. പിന്നാലെ എത്തിയ പാണ്ഡ്യ (0) ക്കും പിടിച്ച് നിൽക്കാൻ സാധിച്ചില്ല. സ്റ്റോക്സിന്റെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകി മടങ്ങി. ഋഷഭ് പന്ത് (18) ആക്രമിച്ച് കളിച്ചെങ്കിലും മൊയീൻ അലിക്ക് വിക്കറ്റ് നൽകി മടങ്ങി.

രഹാനെ അലിയുടെ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇംഗ്ലണ്ടിന് പിന്നീട് കാര്യങ്ങൾ എളുപ്പമായി. ഇഷാന്ത് ശർമ (0), മുഹമ്മദ് ഷമി (8) ചടങ്ങ് തീർത്ത് മടങ്ങിയതോടെ പരമ്പര ഇംഗ്ലണ്ടിന്. രണ്ടിന്നിംഗ്‌സിൽ നിന്നുമായി 9 വിക്കറ്റ് നേടിയ മൊയിൻ അലിയാണ് കളിയിലെ കേമൻ. അഞ്ചാം ടെസ്റ്റ് സെപ്റ്റംബർ 7 മുതൽ 11 വരെ ലോർഡസിൽ നടക്കും.