കോപ അമേരിക്ക കിരീടം ബ്രസീലിന്

Jaihind Webdesk
Monday, July 8, 2019

കോപ അമേരിക്ക ഫൈനൽ മത്സരത്തിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീലിന് കിരീടം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തിയത്. ബ്രസീലിന്‍റെ ഒൻപതാം കോപ അമേരിക്ക കിരീടമാണിത്.

നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ബ്രസീൽ വീണ്ടും കോപ അമേരിക്ക കിരീടത്തിൽ മുത്തമിട്ടു. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ചുവപ്പ് കാർഡിനെയും പെറിവിന്‍റെ വീറിനെയും മറികടന്നായിരുന്നു ബ്രസീൽ കിരീടം നേടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുഞ്ഞ് ബ്രസീലിന്‍റെ വിജയം. മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസുസ് ആണ് ബ്രസീലിന്‍റെ വിജയ ശില്പിയായത്.

ആവേശം നിറഞ്ഞ മത്സരത്തിൽ 15-ആം മിനുട്ടിൽ എവർട്ടണിലൂടെ ബ്രസീൽ ആദ്യ ഗോൾ നേടി. വലതു വിങ്ങിൽ നിന്ന് ഡിഫൻഡർമാരെ കബളിപ്പിച്ച് എതിർ ബോക്സിലേക്ക് ജീസസ് നൽകിയ ക്രോസ് മാർക്ക് ചെയ്യാതെ നിന്ന എവർട്ടണ് ഗോളാക്കിമാറ്റാൻ പ്രയാസപ്പെടേണ്ടിവന്നില്ല. എന്നാൽ 44-ആം മിനുട്ടിൽ പെറുവിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗെരേരോ അകത്താക്കിയതോടെ സ്‌കോർ 1-1.

എന്നാൽ പെറുവിന്‍റെ ആനന്ദത്തിന് അതികം ആയുസില്ലായിരുന്നു. ആദ്യ പകുതിയുടെ അതികസമയം അവസാനിക്കുന്നതിന്‍റെ തൊട്ടു മുന്നെ ആർതുർ നൽകിയ പാസ് ജീസസ് പെറുവിന്‍റെ വലക്കകത്താക്കി ബ്രസീൽ ലീഡുയർത്തി.സ്‌കോർ 2-1.

70-ആം മിനുട്ടിൽ ജീസസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്രസീൽ പത്തുപേരിലേക്ക് ചുരുങ്ങി. ഈ അവസരം മുതലെടുക്കാൻ പെറു പരിശ്രമിച്ചെങ്കിലും പതിയെ കളിയുടെ നിയന്ത്രണം ബ്രസീൽ തന്നെ ഏറ്റെടുത്തു. 90-ആം മിനുട്ടിൽ ലഭിച്ച പെനാൽട്ടി റിച്ചാർലിസൺ സ്‌കോർ ചെയ്തതോടെ ബ്രസീൽ വിജയം ഉറപ്പിച്ചു. സ്‌കോർ : 3-1

ആ ഗോൾ ബ്രസീലിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു. ബ്രസീലിന്‍റെ ഒൻപതാം കോപ അമേരിക്ക കിരീടമാണിത്.