പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല, രാജ്യത്തെ കര്‍ഷകരോട് : പ്രിയങ്ക ഗാന്ധി

Jaihind Webdesk
Thursday, April 25, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖത്തെ വിമർശിച്ച് കോൺഗ്രസ് ആധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. അഭിനയത്തിന്‍റെ മറവിൽ യാഥാർത്ഥ്യങ്ങൾ ഒന്നും മറയ്ക്കാനാവില്ലെന്ന് രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു. രാജ്യത്തെ പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോടാണ് അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിലെ പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചീഫ് പബ്ലിസിറ്റി മന്ത്രിയെന്ന് വിശേഷിപ്പിച്ചാണ് പ്രിയങ്ക മോദിയെ പരിഹരിച്ചത്.സിനിമ താരങ്ങളോട് സംസാരിക്കാനാണ് പ്രധാന മന്ത്രി സമയം കണ്ടെത്തുന്നത്. സാധാരണക്കാരോട് സംവംദിക്കുന്നതായി ഇതുവരെ കണ്ടിട്ടില്ല. 5 വർഷത്തിനിടയിൽ മോദി വരാണാസിയിൽ പോയിട്ടില്ലെന്നും ഗ്രാമങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാതെ ഭാവി തലമുറയ്ക്കു വേണ്ടിയാണ് രാഷ്ട്രീയം മാറ്റേണ്ടതെന്നും സംരക്ഷിക്കേണ്ടതെന്നും ഫത്തേപൂരിലെ സിക്രിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കേവേ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവെച്ചാണ് അഭിമുഖത്തോട് പ്രതികരിച്ചത്. അഭിനയത്തിന്‍റെ മറവിൽ യാധാർത്ഥ്യങ്ങളെ മറച്ചുവെയ്ക്കാനാവില്ലെന്നും കഴിവുകെട്ട ചൗക്കീദാരിന് ജനങ്ങളുടെ മുന്നിൽ നിന്ന് ഒന്നും ഒളിപ്പിക്കാനാവില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തെ വിമർശിച്ച് കൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സിംങ് സുർജേവാലയും രംഗത്തെത്തി. രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം. ലോക സഭ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടപ്പോഴാണ് മോദിയുടെ അഭിമുഖം പുറത്ത് വരുന്നത്. മോദി മാധ്യങ്ങളോട് സംസാരിക്കാറില്ലെന്ന ആക്ഷേപവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്.