പുതിയ 100 രൂപ നോട്ട് ബാങ്കുകള്‍ക്ക് വെല്ലുവിളിയാകുന്നതെങ്ങനെ ?

Jaihind News Bureau
Saturday, July 21, 2018

പുതിയ 100 രൂപ നോട്ട് എത്തുന്നതോടെ ബാങ്കുകൾക്ക് പുതിയ വെല്ലുവിളിയാണ് ഉയരുന്നത്. പുതിയ നോട്ടിന്റെ വലിപ്പത്തിന് അനുസരിച്ച് എ.ടി.എമ്മുകൾ റീ കാലിബ്രേറ്റ് ചെയ്യേണ്ടി വരുന്നതാണ് ബാങ്കുകൾക്കും ജനങ്ങൾക്കും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

2,40,000 എ.ടി.എമ്മുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇത് മുഴുവൻ റീ കാലിബ്രേറ്റ് ചെയ്യുന്നതിന് കുറഞ്ഞത് 100 കോടി രൂപ വേണ്ടി വരുമെന്ന് കണക്കാക്കുന്നത്. ഇതിന് ഒരു വർഷമെങ്കിലും സമയവും വേണ്ടി വരും. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ഊര്‍ജിത് പട്ടേൽ ഒപ്പിട്ട വയലറ്റ് നിറത്തിലുള്ള പുതിയ 100 രൂപ നോട്ട് ഇറക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

പുതിയ നോട്ടിന്‍റെ സൈസ് നിലവിലുള്ള 100 രൂപ നോട്ടിനെക്കാൾ ചെറുതാണ്. എ.ടി.എമ്മിൽ ഇത് വെക്കുന്നതിനും നോട്ടുകൾ തിരിച്ചറിയുന്നതിനും മാറ്റം വരുത്തേണ്ടി വരുമെന്നതാണ് പ്രശ്‌നം. 2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇത് നാലാമത്തെ തവണയാണ് റിസർവ് ബാങ്ക് പുതിയ നോട്ടുകൾ ഇറക്കുന്നത്. നിലവിലുള്ള 200 , 2000 രൂപ നോട്ടുകളുടെ സൈസ് അല്ലാത്തതിനാൽ പുതിയ നോട്ട് വരുമ്പോൾ കാലിബ്രേഷൻ ആവശ്യമായി വരും.

നിലവിൽ നോട്ടുകൾ വെക്കുന്നതിന് നാല് കസെറ്റുകൾ വീതമാണ് ഓരോ എ.ടി.എമ്മിലും ഉള്ളത്. നൂറിന്റെ മാത്രം രണ്ടു സൈസിലുള്ള നോട്ടുകൾ നിലവിൽ വരുന്നതോടെ രണ്ടു കസെറ്റുകൾ അതിനായി മാത്രം വേണ്ടി വരും. ഇത് നോട്ടുകൾ സൂക്ഷിക്കുന്നതിനുള്ള എ.ടി.എമ്മിന്റെ സംഭരണശേഷി കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങിക്കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.