നിർഭയകേസ് : പ്രതികളുടെ വാദം തള്ളി സുപ്രീംകോടതി; വധശിക്ഷ തന്നെ

Jaihind News Bureau
Monday, July 9, 2018

നിർഭയകേസ് കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം സുപ്രീംകോടതി തള്ളി. പ്രതികൾ വധശിക്ഷക്ക് അർഹരാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് ജയിലിൽ കഴിയുന്ന പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കവേ കോടതിയുടെ ചൂണ്ടിക്കാട്ടി. കേസിൽ പ്രതികൾക്ക് വധശിക്ഷ തന്നെയെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷൺ, ആർ.ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രതികളുടെ ഹർജികൾ തള്ളിയത്.

പ്രതികൾക്ക് ഇനി തിരുത്തൽ ഹർജി നൽകാം. അതും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജിക്ക് അപേക്ഷ നൽകാം.

ഹൈക്കോടതി ശരിവച്ച വിചാരണകോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ് സിംഗ് (29), പവൻ ഗുപ്ത (22), വിനയ് ശർമ്മ (23) എന്നിവരാണ് പുന:പരിശോധനാ ഹർജി നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂർ (31) ഹർജി നൽകിയിരുന്നില്ല. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ നാലു പേരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇത് പിന്നീട് സുപ്രീം കോടതിയും ശരിവച്ചു. തുടർന്നാണ് പുന:പരിശോധനാ ഹർജിയുമായി പ്രതികൾ വീണ്ടും സുപ്രീം കോടതിയിലെത്തിയത്.