ദളിത് ക്രൈസ്തവ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

Jaihind News Bureau
Thursday, July 26, 2018

ദളിത് ക്രൈസ്തവ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ നടത്തിയ സബ്ബ് മിഷനിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളമടക്കം ദക്ഷിണേന്ത്യയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരുന്ന ദളിതരായ ക്രൈസ്തവര്‍ക്ക് ക്രിസ്തു മതം സ്വീകരിച്ചതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം നിരന്തരമായി ഉന്നയിച്ചു വരികയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇതിന് അനുകൂലമായ ഭരണഘടനാ ഭേദഗതി നിയമം കൊണ്ടുവന്നിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ദളിത് ക്രൈസ്തവരുടെ ജീവിതം മറ്റ് ദളിത് വിഭാഗങ്ങളെ പോലെ സമാന സ്വഭാവമുള്ളതാണ്. ക്രിസ്തു മതം സ്വീകരിച്ചതു കൊണ്ടു മാത്രം ഇവര്‍ക്ക് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ ബൂദ്ധിമുട്ടി ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത് ക്രൈസ്തവ ജനവിഭാഗത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇനിയും സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഈ ജനവിഭാഗത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ വളര്‍ച്ചയ്ക്ക് വേണ്ടി ദേശീയ തലത്തില്‍ ദളിത് ക്രൈസ്തവ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.