തിരുവനന്തപുരം-കൊല്ലം പാസഞ്ചർ ട്രെയിൻ പാളം തെറ്റി; ആളപായമില്ല

Jaihind News Bureau
Friday, July 6, 2018

കൊല്ലത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. തിരുവനന്തപുരം-കൊല്ലം പാസഞ്ചറിന്‍റെ എൻജിനാണു പാളം തെറ്റിയത്. ലോക്കോപൈലറ്റിന്‍റെ അനാസ്ഥ മൂലമാണ് അപകടമെന്നാണ് സൂചന.

മൂന്നാം നമ്പർ ട്രാക്കിൽ നിന്ന് നീങ്ങിയ ഉടൻ ട്രെയിൻ പാളം തെറ്റുകയായിരുന്നു. ട്രെയിൻ നിർത്തിയിടുമ്പോൾ ചക്രങ്ങൾക്കിടയിൽ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം എടുത്തുമാറ്റാതെ ട്രെയിൻ മുന്നോട്ടെടുത്താണ് അപകടകാരണമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തടികൊണ്ടുള്ള ഉപകരണം എടുത്തുമാറ്റേണ്ടത് ലോക്കോപൈലറ്റിന്‍റെ ചുമതലയാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം. പാളം തെറ്റിയത് മൂന്നാം പ്ലാറ്റ്ഫോമിലായതിനാൽ മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല. 6.55ന് പുറപ്പെടേണ്ട ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്.