കനത്ത മഴയിലും ശബരീശസന്നിധിയില്‍ വന്‍ ഭക്തജനത്തിരക്ക്

Jaihind News Bureau
Friday, July 20, 2018


കനത്ത മഴയിലും ശബരിമലയിൽ വന്‍ ഭക്തജനത്തിരക്ക്. കർക്കടക മാസ പൂജകൾക്കായി തുറന്ന ശബരിമല ക്ഷേത്രനട 21 ന് രാത്രി അടയ്ക്കും. ആഗസ്റ്റ് 15 നാണ് നിറപുത്തരി ചടങ്ങുകള്‍.

കർക്കിടക മാസപൂജകൾക്കായി 16ാം തീയതി വൈകുന്നേരമാണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട  തുറന്നത്. നട തുറക്കുന്നതിന് മുമ്പ്  തുടങ്ങിയ മഴ ശബരിമല സന്നിധാനത്തും പമ്പയിലും ശക്തമായി തുടരുകയാണ്. കനത്ത മഴയെ അവഗണിച്ച് വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

https://www.youtube.com/watch?v=je46kPE_lYg

കളകാഭിഷേകവും അഷ്ടാഭിഷേകവും കണ്ട് തൊഴുന്ന അയ്യപ്പഭക്തരുടെ ശരണ മന്ത്രങ്ങളാൽ മുഖരിതമാണ് അയ്യപ്പസോപാനം. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന പടിപൂജയ്ക്കും ഭക്തജന തിരക്കാണ്.

21 വരെ ഉദയാസ്തമന പൂജ, കളഭാഭിഷേകം, ദീപാരാധന, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.  21 ന് അയ്യപ്പ  വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി രാത്രി 10 ന് ഹരിവരാസനവും പാടിയാണ് ശ്രീകോവിൽ നട അടയ്ക്കുന്നത്.

പമ്പാ നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ കർശന ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. നിറപുത്തരിയ്ക്കായി ഓഗസ്റ്റ്  14 ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും. 15 ന് രാവിലെ 6 നും 6.30നുമിടയ്ക്കാണ് ക്ഷേത്രനടയിൽ നിറപുത്തരി ചടങ്ങുകൾ നടക്കുക. നിറപുത്തരി കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കുന്ന ക്ഷേത്ര ശ്രീകോവിൽ നട ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി വൈകുന്നേരം വീണ്ടും തുറക്കും. തുടർന്ന് 5 ദിവസം ഭക്തജനങ്ങള്‍ക്കായി ക്ഷേത്രനട തുറന്നിരിക്കും. 15 ന് നടക്കുന്ന നിറപുത്തരിക്കായി വന്‍ ഭക്തജനമാകും ശബരീശ സമ്മിധിയില്‍‌ എത്തുക.