മകര സംക്രമണ പൂജ : ജനുവരി 14ന് ശബരിമല ക്ഷേത്ര നട അടയ്ക്കുക ഒരു മണിക്കൂർ നേരത്തേക്ക് മാത്രം

Jaihind News Bureau
Monday, January 6, 2020

മകരവിളക്കുത്സവത്തിന് നട തുറന്ന ശബരിമല ക്ഷേത്രത്തിൽ ഇത്തവണ മകര സംക്രമണ പൂജയുടെ ഭാഗമായി ജനുവരി 14ന് ക്ഷേത്ര നട അടയ്ക്കുക ഒരു മണിക്കൂർ നേരത്തേക്ക് മാത്രം. അപൂർവ്വമായി വന്നെത്തിയ ഇത്തവണത്തെ മകരസംക്രമപൂജ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് ഇത്തവണ 15ന് പുലര്‍ച്ചെ രണ്ടുമണി ഒന്‍പതു മിനിറ്റിനാണ്. ആ സമയത്താണ് മകരസംക്രമ പൂജ. 15ന് പുലര്‍ച്ചെയാണ് സംക്രമം എന്നതിനാല്‍ 14ന് ഇത്തവണ ശബരിമല നട അടയ്ക്കില്ല. 15ന് രണ്ടുമണിക്കു ശേഷം മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. ഇതിനുശേഷമാണ് ഹരിവരാസനം പാടി നട അടയ്ക്കുക. മൂന്നു മണിയോടെ അടയ്ക്കുന്ന നട നാലുമണിക്ക് വീണ്ടും തുറക്കും. ഒരു മണിക്കൂര്‍ മാറ്റി നിര്‍ത്തിയാല്‍ രാത്രി മുഴുവന്‍ ദര്‍ശനം സാധ്യമായ ദിവസമാണ് ജനുവരി 14. അത്യപൂര്‍വ്വമാണ് ഇങ്ങനെ ഒരു സാഹചര്യമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷര് മോഹനര് പറയുന്നു

കഴിഞ്ഞവര്‍ഷം വൈകുന്നേരം ഏഴരയ്ക്കായിരുന്നു മകരസംക്രമം. 14ന് വൈകിട്ട് നാലു മണിക്ക് തുറന്നാല്‍ 15ന് പുലര്‍ച്ചെ മൂന്നുമണിവരെ ചടങ്ങുകള്‍ തുടരും. അത്താഴപൂജയ്ക്കു ശേഷം മകരസംക്രമപൂജയ്ക്കുള്ള ഒരുക്കം തുടങ്ങും.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതൻ വഴി കൊടുത്തയയ്ക്കുന്ന മുദ്രയിലെ നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ഇതാണ് സന്നിധാനത്തെ പതിവ്. തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 13ന് പകൽ ഒന്നിന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പതിനഞ്ചിന് വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെനിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും. ഈ സമയത്ത് ആകാശത്ത് മകരനക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. 21ന്‌ പന്തളം രാജാവിന്‍റെ ദർശനത്തിന് ശേഷം രാവിലെ ഏഴിന് നടയടയ്ക്കുന്നതോടെ രണ്ടുമാസം നീളുന്ന മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അപൂർവ്വമായി കടന്ന് വരുന്ന ഇത്തവണത്തെ മകര സംക്രമണ പൂജയ്ക്ക് നിരവധി ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.