ശബരിമല ദർശനത്തിനായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തത് 36 യുവതികൾ

Jaihind News Bureau
Thursday, November 14, 2019

sabarimala

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ 36 യുവതികൾ ശബരിമല ദർശനത്തിനായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു. ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേ നൽകാത്ത സാഹചര്യത്തിലാണ് ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങൾ പുറത്ത് വന്നത്.ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത യുവതികളുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ശബരിമലയില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്ത് ദര്‍ശനം നടത്താന്‍ വേണ്ടി ഇതുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് 36 യുവതികളാണ്. യുവതി പ്രവേശനം സംബന്ധിച്ച പുനപ്പരിശോധനാ ഹർജികള്‍ മുന്‍ ഉത്തരവ് റദ്ദാക്കാതെ സുപ്രിംകോടതി വിശാലമായ ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടിരിക്കെയാണ് 36 സ്ത്രീകള്‍ ശബരിമലയിലെത്താൻ ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികൾക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന 2018 സെപ്തംബര്‍ 28ലെ സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ മല ചവിട്ടാനെത്തുന്ന യുവതികൾക്ക് ഭരണഘടനാപരമായി സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

കഴിഞ്ഞ മണ്ഡലകാലത്തിന് സമാനമായി യുവതികളെ പോലീസ് സംരക്ഷണത്തോടെ ശബരിമലയിൽ എത്തിക്കാൻ ശ്രമിച്ചാൽ ശബരിമലയും പരിസരവും സംഘർഷ ഭൂമിയായി മാറും . കഴിഞ്ഞ മണ്ഡലകാലത്ത് 10നും 50നും ഇടയില്‍ പ്രായമുള്ള 740 സ്ത്രീകള്‍ ദര്‍ശനത്തിനു വേണ്ടി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, സ്ത്രീപ്രവേശനത്തിനു അനുമതി നല്‍കിയ സുപ്രിംകോടതി വിധിയോടെ ശബരിമലയില്‍ സംഘര്‍ഷസാഹചര്യം ഉടലെടുത്തതിനാല്‍, പ്രശ്‌നം സങ്കീര്‍ണമാണെന്നു മനസ്സിലാക്കി പോലിസ് രജിസ്റ്റര്‍ ചെയ്തവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളിലെത്തി തീര്‍ത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഇത്തവണയും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ വിശദാംശങ്ങളും പോലിസ് ശേഖരിച്ചതായാണു സൂചന .