പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിർബന്ധമാക്കാനുള്ള തീരുമാനം ഇന്ത്യ പിന്‍വലിച്ചു

Jaihind Webdesk
Wednesday, November 28, 2018

Passport-1

പ്രവാസികൾക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്ത്യ പിന്‍വലിച്ചു. യു. എ. ഇ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തീരുമാനമാണ് പിന്‍വലിച്ചത്.

പ്രവാസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്നുയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 2019 ജനുവരി 1 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടായിരുന്നു വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുടെ വിഭാഗത്തിനായിരുന്നു രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു. നിര്‍ദേശം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി 1 മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കുമെന്നായിരുന്നു തീരുമാനം.

വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം പ്രവാസികൾക്ക് എമിഗ്രേഷൻ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാല്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു .