“പാസ്പോര്‍ട്ടില്ലെങ്കില്‍ ടി.പിക്ക് കൊടുത്ത വിസയെങ്കിലും തരൂ” മുഖ്യമന്ത്രിയോട് മുന്‍ സി.പി.എം നേതാവ്

Jaihind Webdesk
Sunday, January 20, 2019

അകാരണമായി പാസ്‌പോർട്ട് വൈകിപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മുൻ സി.പി.എം നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പാസ്‌പോർട്ട് ഇല്ലെങ്കിൽ ടി.പി ചന്ദ്രശേഖരന് കൊടുത്ത ‘വിസ’ എങ്കിലും നല്‍കൂ എന്നാണ് മുഖ്യമന്ത്രിയോട് നസീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിക്കുന്നത്.

സി.പി.എം തലശേരി ലോക്കൽ കമ്മിറ്റി മുൻ അംഗമായ സി.ഒ.ടി നസീറാണ് പാസ്‌പോർട്ട് വൈകിപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സി.പി.എം വിട്ടതിലുള്ള പ്രതികാര നടപടികൾ കുറേക്കാലമായി തുടരുകയാണെന്നും ഇതിന്‍റെ ഭാഗമാണ് പാസ്‌പോർട്ട് വൈകിപ്പിക്കുന്ന പോലീസ് നടപടിയെന്നും നസീർ പറയുന്നു. 2017ൽ പാസ്‌പോർട്ട് പുതുക്കാൻ നസീർ നൽകിയ അപേക്ഷ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന സമയത്തെ ചില കേസുകൾ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിച്ച നസീറിന് അനുകൂല ഉത്തരവുണ്ടായെങ്കിലും മേൽവിലാസത്തിൽ പിശകുണ്ടെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വീണ്ടും പാസ്‌പോർട്ട് നിഷേധിക്കുകയായിരുന്നു.

കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും പാസ്‌പോർട്ട് വൈകിപ്പിക്കുന്ന പാർട്ടിയുടെ പ്രതികാരനടപടിയിൽ തന്‍റെ ജീവിതമാണ് വഴിമുട്ടുന്നതെന്ന് നസീർ പറയുന്നു. രാഷ്ട്രീയ നാടകത്തിന്‍റെ പിന്നാമ്പുറക്കളികൾ വശമില്ലെന്ന് പറയുന്ന നസീർ പാസ്‌പോർട്ട് നൽകിയില്ലെങ്കിൽ ടി.പിക്ക് കൊടുത്ത വിസയെങ്കിലും തരൂ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിക്കുള്ള സന്ദേശം അവസാനിപ്പിക്കുന്നത്.