കണ്ണൂർ സർവകലാശാലാ ജീവനക്കാരുടെ റിലേ നിരാഹാര സമരം തുടരുന്നു

Jaihind News Bureau
Saturday, September 1, 2018

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്. സർവകലാശാല അധികാരികളുടെ ജീവനക്കാരോടുള്ള രാഷ്ട്രീയ പകപോക്കലിനും ചട്ടവിരുദ്ധമായ അച്ചടക്ക നടപടിക്കെതിരെയുമാണ് കണ്ണൂർ സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 8 മുതലാണ് കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ കണ്ണൂർ സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള സർവകലാശാല അധികാരികൾ ജീവനക്കാരോട് രാഷ്ട്രീയ പകപോക്കൽ ആരംഭിച്ചതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു.

https://youtu.be/umbDf8yZAu4

സർവകലാശാലയിലെ ഇടതുപക്ഷ അനുഭാവിയായ ഗണിത ശാസ്ത്ര മേധാവി അതേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവം മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകി എന്നാരോപിച്ച് ചില ജീവനക്കാരുടെ ഇൻക്രിമെന്റ് തടഞ്ഞ് വെച്ചത് പ്രതിഷേധം ശക്തമാക്കി.

അന്യായമായി ഇൻക്രിമെന്റ് തടഞ്ഞ നടപടി പിൻവലിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച ഗണിത ശാസ്ത്ര മേധാവിക്കെതിരെ നടപടി എടുക്കുക, പത്രവാർത്തയുടെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി എടുക്കുന്നത് അവസാനിപ്പിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരം. നിരാഹാര സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും വി.സി യോ സർവകലാശാല അധികാരികളോ ജീവനക്കാരോട് ചർച്ചയ്ക്ക് തയാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.