കണ്ണൂർ സർവ്വകലാശാലയിലും മാർക്ക് ദാന വിവാദം; യോഗ്യത പരീക്ഷ പാസാകാത്ത വിദ്യാർഥിനിക്ക് ബിപിഎഡ് കോഴ്‌സിൽ പ്രവേശനം.

Jaihind News Bureau
Wednesday, October 30, 2019

ഡിഗ്രി പാസ്സാകാത്ത വിദ്യാർഥിനിക്ക് ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സിന് കണ്ണൂർ സർവ്വകലാശാല പ്രവേശനം നൽകിയതായി പരാതി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിന് പങ്കുള്ളതായി കെഎസ്‌യു. സർവ്വകലാശാലയിലെ  ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് മോധാവിയും സിൻഡിക്കേറ്റ് അംഗവുമായ അധ്യാപകൻ ഇടപെട്ട് കൊണ്ട് ഡിഗ്രി തോറ്റ വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയെന്നും കെ എസ് യു .

കേരള സർവ്വകലാശാലയുടെ ബികോം പരീക്ഷ പാസ്സാകാത്ത  വിദ്യാർത്ഥിനിക്ക് കണ്ണൂർ സർവ്വകലാശാലയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്‍റിൽ പ്രവേശനം നൽകി എന്നാണ് കെ എസ് യു വിന്റെ പരാതി.

അംഗീകാരമുള്ള  സർവ്വകശാലയിൽ നിന്നുള്ള ബിരുദമാണ് ബി പി ഇ ഡി കോഴ്സിനുള്ള പ്രധാന യോഗ്യതയായി കണ്ണുർസർവ്വകലാശാല പ്രവേശനം സംബന്ധിച്ച നിയമാവലിയിൽ പറയുന്നത്. എന്നാൽ സർവ്വകലാശാലയിലെ  ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് മോധാവിയും സിൻഡിക്കേറ്റ് അംഗവുമായ അധ്യാപകൻ ഇടപെട്ട് ഡിഗ്രി പാസ്സാകാത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകി എന്നാണ് കെ എസ് യു സർവ്വകലാശാല വിസിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഈ വിദ്യാർത്ഥിനിയെ മാർക്ക് ദാനത്തിലൂടെ ജയിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും , ഇതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിന് പങ്കുള്ളതായും കെഎസ്‌യു ആരോപിച്ചു.സംഭവത്തിൽ കെ എസ് യു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകി. വിഷയം പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസിലർ രവീന്ദ്രൻ ഗോപിനാഥ് വ്യക്തമാക്കി