കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ ജയിക്കാത്തവര്‍ക്ക് പി.ജി പ്രവേശനം; സിന്‍ഡിക്കേറ്റ് നടപടി വിവാദത്തില്‍

Jaihind Webdesk
Wednesday, June 5, 2019

കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാർഥികൾക്ക് പി.ജി പ്രവേശനം നൽകിയ നടപടിക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത് വിവാദത്തിൽ . യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് സർവകലാശാലയുടെ നടപടി.
സർവകലാശാലയുടെ ജ്യോഗ്രഫി പഠനവകുപ്പിൽ രണ്ടു വിദ്യാർഥികളുടെയും സംഗീത പഠനവകുപ്പിൽ ഒരാളുടെയും പ്രവേശനമാണ് വിവാദമായത്.

ബിരുദ പരീക്ഷ വിജയിക്കാതെ എത്തിയവര്‍ക്കാണ് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി പി.ജി പ്രവേശനം നൽകിയത്. ബിരുദ പഠനത്തിലെ ആറാമത്തെ സെമസ്റ്റർ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് പി.ജി പ്രവേശനം   നൽകാമെന്നായിരുന്നു വ്യവസ്ഥ. പഠനത്തിൽ നല്ല മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇതുകൊണ്ടുവന്നത് . എന്നാൽ പി.ജി  പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥികളാവട്ടെ  മൂന്നാമത്തെ സെമസ്റ്റർ പരീക്ഷ വിജയിച്ചിരുന്നില്ല. സർവകലാശാലയിലെ പി.വി.സിയെയും, സിന്‍ഡിക്കേറ്റിനെയും സ്വാധീനിച്ചാണ് വിദ്യാർത്ഥികൾ പി.ജി പ്രവേശനം നേടിയത്. ഇടതുപക്ഷക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങൾ ചട്ടവിരുദ്ധമായ പി.ജി  പ്രവേശനത്തിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു. സർവകലാശാലയിലെ ഇടത് അനുകൂല അദ്ധ്യാപക സംഘടനാ നേതാവിന്‍റെ ഒത്താശയോടെയാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്. സർവകലാശാലയിിലെ ഒരു ഉന്നതന്‍റെ നിർബന്ധം കാരണമാണ് ജ്യോഗ്രഫി, സംഗീത പഠനവകുപ്പ് മേധാവികൾ അനധികൃത പ്രവേശനത്തിന് സമ്മതം നല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് പി.ജി  ആദ്യസെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ബിരുദ പരീക്ഷ വിജയിച്ചാൽ മതിയെന്ന് സർവകലാശാല അധികൃതർ  നിർദേശിച്ചു. എന്നാൽ പി.ജിയുടെ ആദ്യസെമസ്റ്റർ പരീക്ഷ നടക്കുമ്പോൾ മാത്രമാണ് ഇവരുടെ ബിരുദപഠനത്തിന്‍റെ മൂന്നാം സെമസ്റ്റർ പരീക്ഷ വിജയിച്ചതായുള്ള അറിയിപ്പ് കിട്ടിയത്. പ്രവേശനം വിവാദമായതിനെ തുടർന്ന് സിൻഡിക്കേറ്റ് രണ്ടുപേരടങ്ങിയ അന്വേഷണ സമിതിയെ നിയോഗിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ ഇളവ് ചെയ്ത് തുടർപഠനത്തിന് അനുവദിക്കണമെന്ന് സമിതി റിപ്പോർട്ട് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ സാങ്കേതികവും നിയമപ്രകാരവുമുള്ള തെറ്റുകൾ ഇളവ് ചെയ്ത് പ്രവേശനം സാധൂകരിക്കാൻ സിന്‍ഡിക്കേറ്റ് യോഗം നിർദേശിച്ചു. തുടക്കത്തിൽ തന്നെ പ്രശ്‌നം അറിഞ്ഞെങ്കിലും പത്തുമാസം വരെ വൈകിപ്പിച്ച് വിദ്യാർഥികളുടെ ഭാവിയുടെ പേരിൽ പ്രവേശനത്തിന് അംഗീകാരം നൽകിയ നടപടി ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ  എൽ.എൽ.ബി വിജയിക്കാത്തവർക്ക് പാലയാട് കാമ്പസിൽ എൽ.എൽ.എമ്മിന് പ്രവേശനം നൽകിയത് വിവാദമായിരുന്നു.

https://www.youtube.com/watch?v=XquCQqAevWI