“ഓടിക്കോളൂ, പക്ഷേ നിങ്ങള്‍ക്ക് ഒളിക്കാനാവില്ല” ; പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, April 8, 2019

അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ചാനല്‍ അഭിമുഖത്തിനിടെ റഫാലിനെക്കുറിച്ചുള്ള ചോദ്യം വന്നപ്പോഴാണ് മോദി രോഷാകുലനായത്. നിങ്ങള്‍ക്ക് ഓടാനാകും, പക്ഷേ ഒളിക്കാനാവില്ല –  അഭിമുഖത്തിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

“നിങ്ങള്‍ക്ക് ഓടാം, പക്ഷെ ഒളിക്കാനാവില്ല. നിങ്ങളുടെ കര്‍മ്മങ്ങള്‍ നിങ്ങളെ പിന്തുടരും. നിങ്ങളുടെ ശബ്ദത്തില്‍ നിന്ന് രാജ്യത്തിന് അത് കേള്‍ക്കാനാവുന്നുണ്ട്. സത്യം എന്നത് ശക്തിയുള്ളതാണ്. അഴിമതിയേക്കുറിച്ച് സംവാദം നടത്താന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.”   – രാഹുല്‍ ഗാന്ധി  ട്വിറ്ററില്‍ കുറിച്ചു.

ചാനല്‍ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ റഫാല്‍ സംബന്ധിച്ച ചോദ്യമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. റഫാല്‍ ഇടപാടില്‍ താങ്കള്‍ അനില്‍ അംബാനിയെ സഹായിച്ചു എന്നത് തെറ്റാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ചോദ്യത്തില്‍ അസ്വസ്ഥനായ പ്രധാനമന്ത്രി രോഷാകുലനായി. നിങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ വിശ്വാസമില്ലേ എന്നായിരുന്നു മോദിയുടെ മറുചോദ്യം.  നിങ്ങളുടെ ചാനലിന് കോടതിയെ വിശ്വാസമില്ലെങ്കില്‍ അത് ദൌര്‍ഭാഗ്യകരമാണ്. സി.എജി പറയുന്നത് നിങ്ങള്‍ വിശ്വസിക്കുന്നില്ലേ? ഫ്രഞ്ച് നിലപാട് നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? –  തുടങ്ങിയ ദുര്‍ബലമായ മറുചോദ്യങ്ങളിലൂടെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഓടിയൊളിക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്.

അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടത്തെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം ചൂണ്ടിക്കാണിച്ച രാഹുല്‍ ഗാന്ധി അഴിമതിയെക്കുറിച്ച് സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു.[yop_poll id=2]