ഫാനി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

Jaihind Webdesk
Friday, April 26, 2019

കനത്ത മഴയ്ക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്താണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശമേഖല കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വരും ദിവസങ്ങളില്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ എത്രയും പെട്ടെന്ന് മടങ്ങിയെത്താനും നിര്‍ദേശം നല്‍കി. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിരിക്കുന്ന തൊഴിലാളികള്‍ ഇനിയും മടങ്ങിവരാനുണ്ട്.

അതേസമയം സംസ്ഥാനത്തെ തെക്കന്‍ തീരദേശമേഖല കടുത്ത ആശങ്കയിലാണ്. ഫാനി ചുഴലിക്കാറ്റ് കേരളതീരത്ത് നാശം വിതയ്ക്കുമോ എന്ന ആശങ്കയിലാണ് ഇവര്‍. ഓഖി വിതച്ച ഭീതിയില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല കേരളത്തിന്‍റെ തീരദേശം. വള്ളങ്ങള്‍ തീരത്തുനിന്ന് സുരക്ഷിതമായി മാറ്റുന്ന പ്രവര്‍ത്തനങ്ങളിലാണ് മത്സ്യതൊഴിലാളികള്‍‌. വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തുനിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.