കനത്ത മഴ തുടരും ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jaihind Webdesk
Tuesday, October 22, 2019

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.

5 ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ്അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 20 സെന്‍റീമീറ്ററിന് മുകളിലുള്ള തീവ്ര മഴയ്ക്കാണ് സാധ്യത. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. വൈകുന്നേരങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ രാത്രിയുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കൂടി മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾനടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ന്യൂനമർദം ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപം കൊള്ളാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കന്യാകുമാരി ഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ തിരുവനന്തപുരത്ത് അതിശക്തമായ മഴ ലഭിച്ചേക്കും. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്കും പാടില്ലെന്ന് നിർദേശമുണ്ട്.