മഴ കനക്കും : 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; സംസ്ഥാനത്ത് കർശന ജാഗ്രതാ നിർദേശം

Jaihind News Bureau
Monday, October 21, 2019

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം, തീവ്രന്യൂനമർദമാകാനും ചുഴലിക്കാറ്റാകാനും സാധ്യത. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപം കൊള്ളാനും സാധ്യത. ഇതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇന്ന് 7 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മഴ തീവ്രമാകുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു.

തുലാവർഷം ശക്തിയാർജിക്കുന്നതിന് പുറമെ മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ സ്വാധീനത്താലും അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ന്യൂനമർദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. ന്യൂനമർദം 24 -ാം തീയതിയോടെ ഇന്ത്യൻ തീരത്തിന് കൂടുതല്‍ അടുത്തെത്താന്‍ അടുത്തുള്ളതിനാല്‍ സാധ്യതയുള്ളതിനാൽ മഴ കനക്കും.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ടും, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകൾക്ക് സമീപവും ജലാശയങ്ങളുടെ തീരത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നാളെ 5 ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 20 സെന്‍റീമീറ്ററിന് മുകളിൽ തീവ്രമായ മഴയ്ക്കാണ് സാധ്യത. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. വൈകുന്നേരങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ രാത്രിയുണ്ടാകാൻ ഇടയുള്ള അപകടങ്ങളെ കൂടി മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകളാണ് നടത്തേണ്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തതമാക്കി. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.  ന്യൂനമർദം ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപം കൊള്ളാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി ഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ തിരുവനന്തപുരത്ത് അതിശക്തമായ മഴ ലഭിച്ചേക്കും. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങൾക്കു സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂർ സമയത്തേക്ക് വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ അടുത്ത 48 മണിക്കൂർ സമയത്തേക്ക് മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്രകൾ നിരോധിച്ചു. പുഴകളിലും പാറമടകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലും ഒഴുക്ക് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ അവയിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപം വാഹനങ്ങൾ നിർത്താൻ പാടില്ല. സുരക്ഷ മുൻനിർത്തി ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസുകളിൽനിന്നും മറ്റ് റവന്യൂ ഓഫിസുകളിൽനിന്നും ഏതു സമയത്തും എന്തു സഹായവും ലഭിക്കും. ഇതിനായി ജില്ലാ അടിയന്തരകാര്യ നിർവഹണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും കളക്ടർ അറിയിച്ചു.

2019 ഒക്ടോബർ 21 മുതൽ 2019 ഒക്ടോബർ 23 വരെ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദേശം നൽകി.

അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ പ്രദേശത്തിൻറെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മാലിദ്വീപ് തീരത്തും കൊമോറിൻ അതിനോട് ചേർന്നുള്ള സമുദ്ര പ്രദേശങ്ങളിലും മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തിനും ഫിഷെറീസ് വകുപ്പിനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.