കേരളത്തില്‍ തുലാവർഷം എത്തി; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ

Jaihind News Bureau
Thursday, October 17, 2019

കാലവർഷം പിന്മാറിയതോടെ തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ തുലാവർഷമെന്ന് വിളിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ എത്തിയതോടെ തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും.

വടക്കു കിഴക്കൻ കാലവർഷം ഡിസംബർ 31 വരെയാണ് ലഭിക്കേണ്ടത്. തുലാവർഷം മികച്ച രീതിയിൽ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ കണക്കുകൂട്ടൽ. ഇത്തവണ ഇടവപ്പാതിക്ക് 13 ശതമാനം അധികമഴ ലഭിച്ചതായാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തിരുന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. കേരള തീരത്ത് കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.