ഷുഹൈബ് വധക്കേസ് : വിധിയുടെ പകർപ്പ് കിട്ടിയ ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, August 2, 2019

ഷുഹൈബ് വധക്കേസിൽ ഡിവിഷൻ ബെഞ്ച് വിധിയുടെ പകർപ്പ് കിട്ടിയ ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബിന്‍റെ കുടുംബത്തിന് കോൺഗ്രസ് എല്ലാ സഹായവും നൽകും. ഷുഹൈബ് വധം
സിബിഐ അന്വേഷിക്കണമെന്നും കേരളാ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ വിധി പകര്‍പ്പ് കിട്ടിയിട്ടില്ല. വിധി പകര്‍പ്പ് പരിശോധിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നു. സിംഗിള്‍ ബഞ്ചിന്‍റെ വിധി വളരെ വ്യക്തമായിയിരുന്നു. അന്വേഷണം തൃപ്തികരമല്ല എന്നുള്ളതായിരുന്നു അന്നത്തെ സിംഗില്‍ ബഞ്ചിന്റെ വിധിയുടെ കണ്ടെത്തല്‍. ഏതായലും ഡിവിഷന്‍ ബഞ്ചിന്റെ വിധിയുടെ പകര്‍പ്പ് കിട്ടട്ടെ. ഞാന്‍ ഇപ്പോള്‍ ഷുഹൈബിന്റെ ബാപ്പയുമായി സംസാരിച്ചു. അവരും സുപ്രീം കോടതിയില്‍ പോകുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. തീര്‍ച്ചായായും സുപ്രീം കോടതിയില്‍  ഫയല്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകും. ആ കുടുംബത്തിന് എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നു ഉണ്ടാകും. ഇത് ഒരു സിബി.ഐ. അന്വേഷിക്കേണ്ട കേസ് തന്നെയാണ്. ഇതിന്‍റെ യഥാര്‍ത്ഥ വിവരങ്ങളും ഗൂഡാലോചനയും ഇതിന്റെ ഉന്നതതലങ്ങളിലുള്ള  ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ.യുടെ അന്വേഷണം കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളു. കേരള പോലീസിനെ വിശ്വാസിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ന് കേരളത്തിലുണ്ട് കണ്ണൂരിലും.

എറണാകുളത്തെ അഭിമന്യു വധക്കേസിലെ പ്രധാനപ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. അഭിമന്യു കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ് യഥാര്‍ത്ഥത്തില്‍ കൊലപാതകം നടത്തി എന്നാണ് അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. അതിന്‍റെ പ്രതികളെ ഇതുവരെ പിടിക്കുന്നില്ല. അങ്ങനെ പിടിക്കാതിരിക്കുന്നതു കാരണം എസ്.ഡി.പി.ഐ.യുടെ നേതൃത്വത്തില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുകയാണ്.

ചാവക്കാട്  നൗഷാദിനെ കൊലപ്പെടുത്തിയത് മൃഗീയമായിട്ടായിരുന്നു. 28 വെട്ടുവെട്ടിയാണ് നൗഷാദിനെ കൊലപ്പെടുത്തിയത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വളരെയേറെ അത്യാസന്ന നിലയിലായിരുന്ന അവര്‍ അപകടസ്ഥിതി തരണം ചെയ്തിട്ടുണ്ട്. ഇത്രയും ക്രൂരമായ ഒരു അക്രമം നടത്തിയിട്ട് ഒരാളിനെപ്പോലും പിടിച്ചിട്ടില്ല എന്നു പറയുന്നത് ദുഃഖകരമായ കാര്യമാണ്. അങ്ങേയെറ്റത്തെ പ്രതിഷേധകരമായ കാര്യമാണ്. എസ്.ഡി.പി.ഐ.ക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തെ പ്രതിപക്ഷനേതാവ് ശക്തമായി അപലപിച്ചു.

ഇന്ന് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസ് ബോംബ് എറിഞ്ഞു തകര്‍ത്തതിനെ ശക്തമായി അപലപിക്കുന്നു. ഇതൊക്കെ എസ്.ഡി.പി.ഐ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുരുതരമായ അക്രമങ്ങളാണ്. പോലീസ് കൈയും കെട്ടി നോക്കിനില്‍ക്കുകയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.