രാജമാണിക്യത്തിന്‍റെ സ്ഥാനം മാറ്റിയ നടപടി: വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

Jaihind News Bureau
Thursday, February 6, 2020

V.M.-Sudheeran

ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടം മേഖലയിലെ സ്വകാര്യ കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈയടക്കി വച്ചിട്ടുള്ള അഞ്ചര ലക്ഷത്തോളം ഏക്കർ സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള ചുമതലകളിൽ നിന്നും സ്പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം ഐഎഎസിനെ നീക്കംചെയ്ത സർക്കാർ നടപടിയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് കെ.പി.സി.സി. മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍റെ കത്ത്.

ജന്മിത്തം അവസാനിപ്പിച്ച് ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്‍റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ തന്നെയാണ് സ്വകാര്യ കുത്തക കമ്പനികൾക്ക് മുന്നിൽ ജനതാല്പര്യം അടിയറ വച്ച ഈ തെറ്റായ നടപടിയെന്നും കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഹാരിസൺ ഉൾപ്പെടെയുള്ള സ്വകാര്യ കുത്തക കമ്പനികൾക്ക് അനുകൂലമായ നടപടികളാണ് ഒന്നൊന്നായി സ്വീകരിച്ചുവന്നിരുന്നതെന്നും ഭൂപരിഷ്കരണ നിയമത്തിന്‍റെ അടിസ്ഥാന തത്വത്തിൽ നിന്നുള്ള ഗുരുതരമായ വ്യതിചലനം കൂടിയാണിതെന്നും വി.എം. സുധീരന്‍ കുറ്റപ്പെടുത്തി.

ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്നും 31.1.2020 ലെ ഉത്തരവ് റദ്ദാക്കി രാജമാണിക്യം ഐ.എ.എസിനെ സ്പെഷ്യൽ ഓഫീസർ ഉൾപ്പെടെയുള്ള നേരത്തെ വഹിച്ചിരുന്ന ചുമതലകളിൽ തിരിച്ചുകൊണ്ടുവരണമെന്നും സ്വകാര്യ കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈയടക്കി വച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് എത്രയും വേഗത്തിൽ തന്നെ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.എം. സുധീരന്‍റെ കത്തിന്‍റെ പൂർണരൂപം വായിക്കാം…

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടം മേഖലയിലെ സ്വകാര്യ കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈയടക്കി വച്ചിട്ടുള്ള അഞ്ചര ലക്ഷത്തോളം ഏക്കർ സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള ചുമതലകളിൽ നിന്നും സ്പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം ഐഎഎസിനെ നീക്കംചെയ്ത സർക്കാർ നടപടി നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

യാതൊരു കാരണവും ഇല്ലാതെയാണ് എംജി രാജമാണിക്യം വഹിച്ചിരുന്ന ചുമതലകളായ സ്പെഷ്യൽ ഓഫീസർ, കളക്ടർ, ഗവൺമെൻറ് ലാൻഡ് റിസംപ്ഷൻ എന്നീ ചുമതലകളിൽ നിന്നും അദ്ദേഹത്തെ മാറ്റിയത്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട നിർണായകഘട്ടത്തിൽ ആണ് അദ്ദേഹത്തെ മാറ്റിയ 31.1.2020ലെ ഈ ഉത്തരവ്.

ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഹാരിസൺ ഉൾപ്പെടെയുള്ള സ്വകാര്യ കുത്തക കമ്പനികൾക്ക് അനുകൂലമായ നടപടികളാണ് ഒന്നൊന്നായി സ്വീകരിച്ചുവന്നിരുന്നത്.

മേൽ സൂചിപ്പിച്ച കമ്പനികളുമായി ബന്ധപ്പെട്ട കേസുകളെല്ലാം കാര്യക്ഷമമായി നടത്തി പ്രസ്തുത കമ്പനികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുറന്നു കാണിച്ച സ്പെഷൽ ഗവ. പ്ലീഡർ അഡ്വ. സുശീല ഭട്ടിനെ നീക്കം ചെയ്യുന്നതായിരുന്നു ആദ്യ നടപടി.

തുടർന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാർ മനപ്പൂർവ്വം തോറ്റു കൊടുത്തു.

ഇതെല്ലാം ചൂണ്ടിക്കാട്ടി ഓരോ സന്ദർഭത്തിലും ബഹു മുഖ്യമന്ത്രിക്ക് ബന്ധപ്പെട്ട മന്ത്രിമാർക്കുള്ള പകർപ്പ് സഹിതം നിരവധി കത്തുകൾ അയച്ചിരുന്നത് ഓർക്കുന്നുണ്ടല്ലോ.

ഹാരിസൺ അനധികൃതമായി കൈയടക്കി വച്ചിട്ടുള്ള ഒരുലക്ഷത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കാൻ സിവിൽ കോടതികളെ സമീപിക്കാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണല്ലോ.

ഇതെല്ലാം ഏകോപിപ്പിക്കാൻ പരിചയ സമ്പന്നനും ഇക്കാര്യങ്ങളെക്കുറിച്ച് അഗാധമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയുമായ മേലുദ്യോഗസ്ഥൻറെ സേവനം ആവശ്യമായ സന്ദർഭത്തിലാണ് ഇതെല്ലാമുള്ള രാജമാണിക്യത്തിനെ നീക്കം ചെയ്തത്.

സർക്കാരിന്റെയും ജനങ്ങളെയും താൽപര്യങ്ങൾ ബലികഴിച്ച് ഹാരിസൺ ഉൾപ്പെടെയുള്ള സ്വകാര്യ കുത്തക കമ്പനികൾക്ക് അവർ നിയമ വിരുദ്ധമായി കയ്യടക്കിയ ഭൂമിയിൽ ഇല്ലാത്ത അവകാശം സ്ഥാപിച്ചു കൊടുക്കാനുള്ള ഗൂഢനീക്കത്തിന്റ ഭാഗമാണ് രാജമാണിക്യത്തിൻ്റെ ഈ സ്ഥാനചലനം.

ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും നിർണായക പങ്കാളിത്തമുള്ള സംസ്ഥാന സർക്കാരാണ് ഇത്ര ഗുരുതരമായ ചതി പ്രയോഗത്തിലൂടെ ജനങ്ങളെ വഞ്ചിക്കുന്നത് എന്ന യാഥാർത്ഥ്യം ഏവരേയും അമ്പരപ്പിക്കുന്നതാണ്.

ജന്മിത്തം അവസാനിപ്പിച്ച് ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിൻ്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ തന്നെയാണ് സ്വകാര്യ കുത്തക കമ്പനികൾക്ക് മുന്നിൽ ജനതാല്പര്യം അടിയറ വച്ച ഈ തെറ്റായ നടപടി.

ഭൂപരിഷ്കരണ നിയമത്തിൻറെ അടിസ്ഥാന തത്വത്തിൽ നിന്നുള്ള ഗുരുതരമായ വ്യതിചലനം കൂടിയാണിത്.

ഇനിയെങ്കിലും തെറ്റ് തിരുത്തണം. 31.1.2020 ലെ ഉത്തരവ് റദ്ദാക്കി രാജമാണിക്യം ഐ.എ.എസിനെ സ്പെഷ്യൽ ഓഫീസർ ഉൾപ്പെടെയുള്ള നേരത്തെ വഹിച്ചിരുന്ന ചുമതലകളിൽ തിരിച്ചുകൊണ്ടുവരണം.

സ്വകാര്യ കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈയടക്കി വച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് എത്രയും വേഗത്തിൽ തന്നെ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാക്കുകയും വേണമെന്നാണ് എന്റെ അഭ്യർത്ഥന.

സ്നേഹപൂർവ്വം

വി എം സുധീരൻ