തിരിച്ചടിച്ച് വനിത മതിൽ : ഇടഞ്ഞ് സാമുദായിക സംഘടനകൾ

B.S. Shiju
Wednesday, December 19, 2018

Vanitha-Mathil-Backfires

സംസ്ഥാനത്താകെ ജനുവരി ഒന്നിന് സർക്കാർ ചെലവിൽ സംഘടിപ്പിക്കുന്ന വനിതാ മതിൽ ഇടതുമുന്നണിക്കും സംസ്ഥാന സർക്കാരിനും തിരിച്ചടിയാകുന്നു. മതിലിനെതിരെ വിവിധ സംസ്‌ക്കാരിക -സാമുദായിക സംഘടനകൾ തിരിഞ്ഞതോടെയാണ് വനിതാ മതിൽ സർക്കാരിന് ബാധ്യതയാകുന്നത്. നിലവിൽ എൻ.എസ്.എസ്, കെ.സി.ബി.സി, സമസ്ത, എം.ഇ.എസ് എന്നീ സംഘടനകൾ രൂക്ഷമായ എതിർപ്പാണ് മതിൽ സംഘടിപ്പിക്കുന്നതിനെതിരെ ഉയർത്തിയിട്ടുള്ളത്. ഇതോടെ രാഷ്ട്രീയമായും ഭരണപരമായും മുന്നണിക്കും സർക്കാരിനും കനത്ത തിരിച്ചടിയാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിനു പുറമേ മതിലിൽ അണിനിരത്താനുള്ള വനതികളെ പണമെറിഞ്ഞ് അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കവും സജീവമായി തുടരുകയാണ്.

അയൽസംസ്ഥാന വനിതകൾക്കായി പണമെറിഞ്ഞ് സി.പി.എം
പൊതുസമൂഹത്തിൽ നിന്നും വനിതാ മതിലിന് എതിർപ്പ് രൂക്ഷമായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും വനിതകളെ എത്തിക്കാനാണ് സി.പി.എം നീക്കം തുടങ്ങിയിട്ടുള്ളത്. ഇതിനായി പലവിധ മാർഗങ്ങളാണ് പാർട്ടി സ്വീകരിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ ചെന്നൈ, പോണ്ടിച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നും വനിതകളെ എത്തിക്കാനാണ് നീക്കം. ഇതിനായി എത്ര തുക വേണമെങ്കിലും ചെലവഴിക്കാനാണ് സി.പി.എമ്മിന്റെ നീക്കം. നിലവിൽ അവിടെ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള സി.പി.എമ്മിന്റെ വനിത പ്രവർത്തകർ വഴിയും വിവിധ സ്ത്രീസംഘടനകൾ വഴിയും ഐ.ടി അധിഷ്ഠിത മേഖലകളിൽ പ്രവർരത്തിക്കുന്ന ചില സംഘടനകൾ വഴിയുമാണ് നീക്കമുള്ളത്. ഇതേ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന സി.പി.എം അംഗങ്ങളുടെ ഭാര്യമാരോട് വനിതാ മതിലിൽ പങ്കെടുക്കാൻ അവധിയെടുത്തു നാട്ടിലെത്തണമെന്ന നിർദ്ദേശവും പാർട്ടി നൽകിക്കഴിഞ്ഞു. ഇവർക്കൊപ്പം മതിലിൽ പങ്കെടുക്കാൻ ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ അവരുടെ ചെലവ് അതത് ബ്രാഞ്ചുകളോ ബന്ധപ്പെട്ട പാർട്ടി ഫോറങ്ങളോ വഹിക്കാനാണ് തീരുമാനം. അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന വനിതകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് അണനിരത്താൻ തീരുമാനിച്ചിട്ടുള്ളത്. വിവിധ ജില്ലകളിൽ യുവജനസംഘടനയിലടക്കമുള്ള വനിതാ നേതാക്കൾക്കാണ് ഇതിന്റെ നേതൃചുമതല നൽകിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ ഇവരെ ഏകോപിപ്പിക്കാനും ഉന്നത നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എകദേശം അമ്പത് ലക്ഷത്തോളം വനിതകളാണ് മതിൽ തീർക്കാൻ ആവശ്യമായതെന്ന വിലയിരുത്തലാണ് ഉള്ളത്. ഇതിനായി ബാലികമാരെയും അണിനിരത്തും. സി.പി.എമ്മിന്റെ ബാലസംഘടനയായ ബാലസംഘത്തിനാണ് കുട്ടികളെ എത്തിക്കുന്നതിന്റെ എകോപനചുമതല. ഇത്തരത്തിൽ വനിതകളുടെ കുറവ് നികത്താൻ സി.പി.എം കൊണ്ട് പിടിച്ച ശ്രമം നടത്തുമ്പോഴും പാർട്ടിക്കുള്ളിൽ നിന്നുതന്നെ മതിലിനെതിരെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

എതിർത്ത് സമുദായിക- സാംസ്‌ക്കാരിക സംഘടനകൾ
വനിതാ മതിലിനെ നിശിതമായി വിമർശിച്ച് സാമുദായിക – സാംസ്‌ക്കാരിക സംഘടനകൾ രംഗത്തെത്തിയതും ഇടതുസർക്കാരിനെ കുരുക്കിലാക്കിയിട്ടുണ്ട്. മതിൽ സംഘടിപ്പിക്കുന്നതിനെതിരെ പരസ്യ വിമർശനവുമായി എൻ.എസ്.എസാണ് ആദ്യം രംഗത്ത് വന്നത്. ഇതിനു പിന്നാലെ കെ.സി.ബി.സിയും സമസ്തയും എം.ഇ.എസും രംഗത്തിറങ്ങിക്കഴിഞ്ഞു. കലാ – സാംസ്‌ക്കാരിക രംഗത്ത് നിന്നുള്ള പ്രമുഖരുടെ എതിർപ്പും സി.പി.എമ്മിനെ കുഴയ്ക്കുന്നുണ്ട്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഞ്ജു വാര്യരും എഴുത്തുകാരി സാറാ ജോസഫുമടക്കം സർക്കാർ നിലപാടിനെ വിമർശിച്ച് രംഗത്തു വന്നു കഴിഞ്ഞു. ഇതിനെല്ലാം പുറമേ നവോത്ഥാന കാഹളമുയർത്തി വനിതാ മതിൽ നിർമ്മാണത്തിന് ഇറങ്ങിത്തിരിച്ച സർക്കാരിന് പി.കെ ശശി വിഷയവും തിരിച്ചടിയായിട്ടുണ്ട്.
വിശ്വാസസംരക്ഷണത്തിന് മുൻതൂക്കം നൽകി എൻ.എസ്.എസ് രംഗത്ത് നിലയുറപ്പിക്കുമ്പോൾ കെ.സി.ബി.സിയും സമസ്തയും എം.ഇ.എസും സമാന നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ സാമുദായിക- സാംസ്‌ക്കാരിക സംഘടനകൾക്ക് വിഷയത്തിൽ ഏകീകൃത നിലപാട് രൂപീകരിക്കാൻ സർക്കാർ കളമൊരുക്കിയെന്ന വിമർശനവും മുന്നണിയിൽ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ വനിതാ മതിൽ വർഗീയ മതിലാണെന്ന പ്രതിപക്ഷത്തിന്റെ വസ്തുതാപരമായ ആരോപണത്തിന് മറുപടി നൽകാനും സർക്കാരിനായിട്ടില്ല. എസ്.എൻ.ഡി.പി, കെ.പി.എം.എസ് തുടങ്ങിയ ഹിന്ദു സാമുദായി കസംഘടനകളെയും അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കുന്ന കർസേവയിൽ പങ്കെടുത്ത സി.പി സുഗതനെയും ഉൾപ്പെടുത്തിയുള്ള വനിതാ മതിൽ നിർമ്മാണം സർക്കാരിന്റെ അടിത്തറയിളക്കുമെന്ന വിലയിരുത്തലിലാണ് സി.പി.എമ്മിനും മുന്നണിക്കുള്ളിൽ നിന്നും ഉയർന്നിട്ടുള്ളത്.
ഹിന്ദു സാമുദായിക- സാംസ്‌ക്കാരിക സംഘടനകളെ മാത്രം ക്ഷണിച്ചു വരുത്തി ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുള്ള ഗൂഡപദ്ധതിക്കെതിരെ ന്യൂനപക്ഷമതവിഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പുയർന്നിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷകരുടെ തൊപ്പിയണിയുന്ന സി.പി.എമ്മിന് ഇവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യവും സി.പി.എമ്മിന്റെ സംഘടനാ സംവിധാനവും ഉപയോഗിച്ച് വനിതാ മതിൽ സംഘടിപ്പിക്കാനുള്ള നീക്കമാണ് അണയറയിൽ അരങ്ങേറുന്നത്.

പാർട്ടിയിലും മുന്നണിയിലും എതിർപ്പ് രൂക്ഷം

നവോത്ഥാനത്തിന്റെ പേരിലുള്ള വനിതാ മതിൽ സംഘാടനത്തിനെതിരെ സി.പി.എമ്മതിനുള്ളിൽ നിന്നും മുന്നണിക്കുള്ളിൽ നിന്നും എതിർപ്പ് രൂക്ഷമായിട്ടുണ്ട്. ഭരണഘടനയിലെ അവകാശങ്ങൾ സംരക്ഷിക്കാനാണ് മതിൽ ഉയർത്തുന്നതെന്ന് ഒരുവശത്ത് പറയുമ്പോൾ അതല്ല ശബരിമലയിലെ സ്ത്രീപ്രവേശമാണെന്നുള്ള സന്ദേശവും സി.പി.എം പുറത്തേക്ക് നൽകുന്നു. എന്തിനാണ് ഇത്തരമൊരു മതിൽ എന്നതിനെപ്പറ്റി കൃത്യമായ വിശകലനം നൽകാൻ പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും തയ്യാറായിട്ടില്ല. ഇതിനിടയിൽ സാമുദായിക സംഘടനകളെ ഉപയോഗിച്ച് വനിതാ മതിലിന്റെ മറവിൽ സാമുദായിക ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ ഭരണപരിഷ്‌ക്കാര കമ്മീഷനംഗവും മുൻമുഖ്യമന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തിയതും സി.പി.എമ്മിനും മുന്നണിക്കും തിരിച്ചടിയായി. മതിൽ നിർമ്മാണത്തിനെത്താൻ പാർട്ടി പോഷകസംഘടനയിലെ വനിതകളിൽ പലരും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ശബരിമല വിഷയത്തിലല്ല മതിൽ നിർമ്മാണമെന്നും അത് കീഴ്ഘടകങ്ങളിൽ വിശദീകരിക്കണമെന്നുമാണ് പാർട്ടി ഉപരിക്കമ്മറ്റികളുടെ നിർദ്ദേശം. ശബരിമല വിഷയമുയർത്തിയുള്ള മതിൽ നിർമ്മാണം പ്രദേശിക തലത്തിൽ സി.പി.എമ്മിന്റെ സ്വീകാര്യതയ്ക്ക്മങ്ങലേൽപ്പിക്കുമെന്ന തിരിച്ചറിവാണ് സംസ്ഥാനനേതൃത്വത്തിൽ നിന്നും ഇത്തരത്തിലെവരു നിർദ്ദേശം നൽകാൻ സി.പി.എമ്മിനെ നിർബന്ധിതമാക്കിയത്. ഇതിനു പുറമേ ഘടകകക്ഷികളിൽ പലർക്കും മതിലിനോട് ആഭിമുഖ്യമില്ലെന്നതാണ് വസ്തുത. പി.കെ ശശി വിഷയത്തിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് പൊതുസമൂഹം മനസിലാക്കിയെന്നുള്ള വസ്തുതയും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. മതിലിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും നിന്ന് എതിർപ്പുയരുമ്പോഴും സംഘാടനത്തിൽ പിഴവുണ്ടാകരുതെന്ന കർശന നിർദ്ദേശമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ നിന്നും കീഴ്ഘടകങ്ങളിലേക്ക് പോയിട്ടുള്ളത്. മതിൽ വിജയിപ്പിച്ചില്ലെങ്കിൽ സർക്കാരിന് ശബരിമല വിഷയത്തിൽ മുഖം രക്ഷിക്കാനാവില്ലെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനും ഉള്ളത്