ഇടുക്കി പിടിക്കാന്‍ ഡീന്‍ കുര്യാക്കോസ്; കരുത്ത് കാട്ടി യു.ഡി.എഫ് കണ്‍വന്‍ഷന്‍

Jaihind Webdesk
Monday, March 25, 2019

ഇടുക്കിയില്‍ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്. തോട്ടം മേഖലയില്‍ വോട്ടുറപ്പിക്കുന്നതിനായി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മൂന്നാറില്‍ സംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ജെ ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിയില്‍ കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിര്‍ണ്ണായകമായ വോട്ടാണ് ഹൈറേഞ്ച് തോട്ടം മേഖലയിലേത്. ഇടതുവലത് മുന്നണികളുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണില്‍ വോട്ടുറപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇതിന്‍റെ ഭാഗമായി യു.ഡി.എഫ് കണ്‍വെന്‍ഷനുകളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മൂന്നാറില്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിന് ശേഷം മൂന്നാര്‍ ദേവികുളം സ്റ്റാന്‍ഡില്‍ നടന്ന കണ്‍വെന്‍ഷന്‍ പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ഡീന്‍ കുര്യാക്കോസെന്ന് പി.ജെ ജോസഫ് പറഞ്ഞു. ഇടുക്കിയില്‍ ഇത്തവണ യു.ഡിഎഫിന് വന്‍ ഭൂരിപക്ഷമുണ്ടാകും. ഡീന്‍ കുര്യാക്കോസിന്‍റെ വിജയം പ്രഖ്യാപിക്കുന്ന സമ്മേളനമാണിതെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം ചെയര്‍മാന്‍ എം.വി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ.മണി, ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ഡി.സി.സി ജോയിന്‍റ് സെക്രട്ടറി ജി മുനിയാണ്ടി, മാത്യു കുഴല്‍നാടന്‍, എം.ഐ ഷുക്കൂര്‍, സുരേഷ് ബാബു, കെ.എ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.[yop_poll id=2]