സൗദി അറേബ്യയിൽ മലയാളി നഴ്സുമാർ ദുരിതക്കയത്തിൽ… കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി അലംഭാവം വെടിഞ്ഞ് ഇടപെടണം : ഡീൻ കുര്യാക്കോസ് എം.പി.

Jaihind News Bureau
Tuesday, April 21, 2020

സൗദിയിൽ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്തുവരുന്ന മലയാളി നഴ്സുമാർ ദുരിതക്കയത്തിലാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി അലംഭാവം വെടിഞ്ഞ് ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. 

കേരളത്തിൽ നിന്നുള്ള ഗർഭിണികളായ 42 നഴ്സുമാർ ജൻമനാട്ടിലേക്ക് മടങ്ങാനാകാതെ ആശങ്കയിലും അപകടഭീതിയിലും കഴിയുകയാണ്.   യുകെ, ജർമ്മനി, ഫിലിപ്പിൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളൊക്കെയും അവരുടെ രാജ്യത്തെ പൗരൻമാരെ പ്രത്യേക വിമാനങ്ങളയച്ച് നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോയിട്ടുണ്ട്.

ഒട്ടേറെ വിദേശരാജ്യങ്ങളിൽ രോഗികൾ ഉൾപ്പെടെ ഇൻഡ്യൻ പൗരൻമാർ നരകിച്ചുകഴിയുകയാണ്. ഏതു പ്രതിസന്ധിയേയും അഭിമുഖീകരിക്കുവാൻ സർക്കാരിന് കഴിയുമെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ ഇടപെട്ടുകാണുന്നില്ല. കോടിക്കണക്കിന് രൂപ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ ആശങ്കകളും സങ്കടങ്ങളും പരിഹരിക്കുവാൻ അടിയന്തിരമായ ഇടപെടൽ അനിവാര്യമാണ്.

സൗദിയിൽ ജോലിചെയ്യുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഗർഭിണികളായ 42 നഴ്സുമാരെ  കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ വിദേശകാര്യമന്ത്രിക്കും സൗദി ഇന്ത്യൻ എംബസിയ്ക്കും കത്തയച്ചിരുന്നതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. 

പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രാലയത്തിലേക്കും കത്തയക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരുവിധ ഇടപെടലുകളും നടത്താനാവില്ലെന്ന മറുപടിയാണ് ഏപ്രിൽ 21 ന്  എംബസിയിൽ നിന്നും ലഭിച്ചത്. ഈ മറുപടി നിരാശാജനകവും തികച്ചും മനുഷ്യത്വരഹിതവും തികഞ്ഞ അലംഭാവവുമാണെന്നും,  ഇവരുടെ മനുഷ്യാവകാശത്തിൽ ശ്രദ്ധചെലുത്തേണ്ട കടമ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് കേരളാ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നതാണെന്ന് ഡീൻ വ്യക്തമാക്കി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ഗർഭിണികളായ നഴ്സുമാരെ കേരളത്തിലെത്തിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.