കെ.എം. ഷാജിക്കെതിരായ അയോഗ്യതാ കേസില്‍ ട്വിസ്റ്റ്; പൊലീസ് വ്യാജരേഖ ചമച്ചു; തെളിവുകള്‍ പുറത്ത്

Jaihind Webdesk
Thursday, December 13, 2018

Nikeshkumar-KM-Shaji

 

അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തതല്ലെന്ന് വെളിപ്പെടുത്തല്‍. വർഗീയ പരാർശമുള്ള നോട്ടീസ് ഒരാള്‍ പൊലീസിന് സ്റ്റേഷനില്‍ എത്തിച്ചതാണെന്ന് രേഖകള്‍ തെളിയിക്കുന്നു. വളപട്ടണം പൊലീസ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ രേഖയാണ് പുറത്തായത്. യുഡിഎഫ് പ്രാദേശിക നേതാവിന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്ഐ മൊഴി നല്‍കിയിരുന്നത്.. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഷാജിയുടെ ഹർജിയിൽ എസ്ഐയ്ക്കു നോട്ടീസ് അയച്ചു.

അഴീക്കോട് മണ്ഡലത്തിൽ നിന്നു മുസ്‌ലീം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതത്തിന്‍റെ പേരിൽ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിനാണു നടപടി. വിധി നടപ്പാക്കൽ ഇതേ ബെഞ്ച് തന്നെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയിൽ അപ്പീലിന് അവസരം നൽകാനാണിത്. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ എം.വി.നികേഷ്കുമാറിന്‍റെ ഹർജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്‍റെ വിധി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മൽസരങ്ങളിലൊന്നായിരുന്നു ഷാജി–നികേഷ് പോരാട്ടം. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി. തെളിവുകൾ മൊത്തത്തിൽ പരിഗണിച്ചാൽ, ഷാജിയുടെയോ ഏജന്‍റിന്‍റെയോ അനുമതിയോടെ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തെന്നും മുസ്‌ലിം അല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർത്ഥിച്ചെന്നും വ്യക്തമാണെന്നും വിലയിരുത്തിയാണ് കോടതി അയോഗ്യത കല്‍പിച്ചത്. എന്നാല്‍ പൊലീസ് ഇവിടെ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നതാണ് രേഖകള്‍ പുറത്ത് വന്നതോടെ വ്യക്തമാകുന്നത്.