ട്രോള്‍ മഴയില്‍ ‘അണഞ്ഞ്’ ഡി.വൈ.എഫ്.ഐയുടെ ‘കാട്ടുതീ’ സമരം; പ്രതിഷേധിച്ചത് അടച്ചിട്ട എംബസിക്ക് മുന്നില്‍ !

Jaihind Webdesk
Monday, August 26, 2019

ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഒരു പ്രതിഷേധമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തുന്നത്.  വിഷയം ആമസോണിലെ കാട്ടുതീ. പ്രതിഷേധിച്ചത് ഇന്ത്യയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍. പക്ഷെ അവധിദിനമായ ഇന്നലെ അടച്ചിട്ട എംബസിക്ക് മുന്നിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ പത്താള്‍ പ്രതിഷേധം എന്നതാണ് രസകരം. ഇതോടെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്‍റുകള്‍ കുന്നുകൂടി. എംബസി അവധിയായ ദിവസം ആരെ കാണിക്കാനാണ് പരിഹാസ്യമായ സമരമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

പോസ്റ്റ് പങ്കുവെച്ച എ.എ റഹീമിനെയും ട്രോളന്മാര്‍ കണക്കിന് പെരുമാറി. ശനി, ഞായര്‍ ദിവസങ്ങളില്‍ എംബസി അവധിദിവസമാണ്. ഈ പ്രതിഷേധ പ്രഹസനത്തിന്‍റെ ഉദ്ദേശശുദ്ധിയെ ഭൂരിഭാഗം പേരും ചോദ്യം ചെയ്യുന്നു. പി.വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ പാര്‍ക്കിന് മുന്നിലാണ് പ്രതിഷേധിക്കേണ്ടതെന്ന് ചിലർ പറയുന്നു. ഇത്തരം ഒരു പ്രതിഷേധത്തിന് ഡല്‍ഹിയില്‍ 12 പേരെ ഒപ്പിച്ചല്ലേ എന്നും ചിലര്‍ പരിഹസിക്കുന്നു. മുഹമ്മദ് റിയാസും റഹീമും ഉള്‍പ്പെടെ 12 പേരാണ് പൂട്ടിയ എംബസിയുടെ മുന്നിലെ ആകെ പ്രതിഷേധക്കാര്‍.

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് വലുതായി ചർച്ചചെയ്യപ്പെട്ട ഒരു വിഷയങ്ങളിലും ശബ്ദമുയർത്താത്ത, ചിലതിന്‍റെയെങ്കിലും പ്രതിസ്ഥാനത്തുള്ള ഡി.വൈ.എഫ്.ഐയുടെ ‘കാട്ടുതീ’ പ്രതിഷേധം ട്രോള്‍ മഴയില്‍ ‘അണഞ്ഞതില്‍’ യാതൊരു അതിശയോക്തിയുമില്ല. യൂണിവേഴ്സിറ്റി കോളേജ് വിഷയം, പി.എസ്.സി പരീക്ഷാനടത്തിപ്പിലെ ക്രമക്കേട് എന്നിവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പരിസ്ഥിതി ലോലപ്രദേശത്ത് പി.വി അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് കെട്ടിപ്പൊക്കിയതിലും സഖാക്കളാരും പ്രതിഷേധിച്ച് കണ്ടില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പോലും യാതൊരു വിധ ശബ്ദവും ഉയർത്താത്ത ഡി.വൈ.എഫ്.ഐയുടെ ആമസോണ്‍ പ്രഹസന സമരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമർശനവും പരിഹാസവും ഉയരുകയാണ്.