മാര്‍ച്ച് 1 ലോകമെമ്പാടുമുള്ളവര്‍ വിവേചന രഹിത ദിനമായി (Zero Discrimination Day) ആചരിക്കുന്നു. വംശം, ജാതി, ലിംഗഭേദം, മതം, ഭാഷ, ശാരീരിക അവസ്ഥ, സാമ്പത്തിക നില, ലൈംഗിക തിരിച്ചറിവ് തുടങ്ങിയ വിഷയങ്ങള്‍ മൂലമുണ്ടാകുന്ന വിവേചനത്തിനെതിരെ പ്രചാരണം നടത്തുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
വിവേചന രഹിത ദിനത്തിന്റെ ചരിത്രം തുടങ്ങുന്നത് 2013 ഡിസംബറിലാണ്. അതും ലോക എയ്ഡ്സ് ദിനത്തില്‍. അന്നാണ് യുഎന്‍ എയ്ഡ്‌സ് ഡയറക്ടര്‍ മൈക്കല്‍ സിഡിബെ, എയ്ഡ്സ്- എച്ച്ഐവി രോഗികള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ ലോകത്തോട് വിളിച്ചു പറയുന്നത്. അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഗണിച്ച യുഎന്‍, തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 27 നാണ് ചൈനയിലെ ബീജിങില്‍ നടന്ന ചടങ്ങില്‍ ലോക വിവേചന രഹിത ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടത്. അന്ന് മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 1 വിവേചന രഹിത ദിനമായി ആചരിക്കാനുള്ള ആഹ്വാനവും ഉണ്ടായി. എന്നാല്‍, 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് എത്രമാത്രം വിവേചനങ്ങള്‍ തുടച്ചു നീക്കപ്പെട്ടിട്ടുണ്ടെന്നും ലോകം എന്ത് മാത്രം പുരോഗമനപരമായി മുന്നോട്ട് നീങ്ങിയെന്നും ചിന്തിക്കേണ്ടതുണ്ട്. എയ്ഡ്സ്, എച്ച് ഐവി രോഗികള്‍ക്ക് പുറമേ സമൂഹത്തിലെ എല്ലാ തരത്തിലുള്ള വേര്‍തിരിവുകളും ഇല്ലായ്മ ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ പൊതുലക്ഷ്യം.
ഈ ഒരു ദിനത്തില്‍ മാത്രം വിവേചനമില്ലായ്മയുടെ ആവശ്യകതയും പ്രാധാന്യവും തീരുന്നില്ല. ഈ ദിവസം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. എന്നന്നേയ്ക്കുമായി തുടച്ചു നീക്കപ്പെടേണ്ട അകലങ്ങളുടെ മറ. ജാതിയിലോ, മതത്തിലോ, കുലത്തിലോ,നിറത്തിലോ മനുഷ്യര്‍ തമ്മില്‍ വിവേചനങ്ങള്‍ പാടില്ല എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ദിനം. നാളേയ്ക്കായി പുതുതലമുറയ്ക്ക് മാറ്റി വയ്ക്കാന്‍ വിവേചനത്തിന്റെ കയ്പ്പു രസം ഇല്ലാതിരിക്കാന്‍ ഇന്നേയ്ക്ക് നമുക്ക് പരിശ്രമിക്കാം.