പറ്റിയ മുഹൂര്‍ത്തമില്ല; തെലങ്കാനയില്‍ മന്ത്രിസഭാരൂപീകരണം വൈകുന്നു

webdesk
Monday, December 31, 2018

തെലങ്കാനയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു. പറ്റിയ മൂഹൂർത്തമില്ലാത്തതുകൊണ്ടാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നതെന്നാണ് വിശദീകരണം. ജനുവരി പകുതിയോടെയേ മന്ത്രിസഭ അധികാരമേല്‍ക്കൂ എന്നാണ് സൂചന.

രണ്ടാം തവണയും വിജയിച്ച് അധികാരത്തിൽ എത്തിയെങ്കിലും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ഡിസംബർ 12നാണ് ടി.ആർ.എസ് അധ്യക്ഷൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്. എന്നാൽ ഇനി അടുത്തെങ്ങും ഇതുണ്ടാകില്ലെന്നുമാണ് റിപ്പോർട്ടുകൾ.
ഇനി ജനുവരി പകുതി കഴിഞ്ഞശേഷം മാത്രമാണ് അതിന് പറ്റിയ മുഹൂർത്തമുള്ളെന്നതിനാല്‍ അതിന് ശേഷമേ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാവുകയുള്ളൂ എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും പുതിയ നിയമസഭ ചേർന്നിട്ടില്ല. അതിനാൽ തന്നെ എം.എൽ.എമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല.

മകരസംക്രമം കഴിഞ്ഞശേഷം മാത്രമേ മുഹൂർത്തമുള്ളു എന്നാണ് കെ.സി.ആറിന്‍റെ ജ്യോതിഷികള്‍ പറയുന്നത്. 2014ൽ 29 ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞ നടന്നത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ മാത്രമാകും പുതിയ നിയമസഭാ സമ്മേളനം ആരംഭിക്കുക.