“കോണ്‍ഗ്രസിനെ പിന്തുണക്കൂ…” ചന്ദ്രശേഖര റാവുവിനെ ഉപദേശിച്ച് സ്റ്റാലിന്‍

Jaihind Webdesk
Tuesday, May 14, 2019

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ഉപദേശിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍.  വോട്ടെടുപ്പിന് ശേഷമുള്ള ചര്‍ച്ചകള്‍ക്കിടെയായിരുന്നു കെ.സി.ആറിനോട് സ്റ്റാലിന്‍റെ ഉപദേശം. ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച്  ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ ആണ് ട്വീറ്റ് ചെയ്തത്.

‘ഇന്ന് നടന്ന ഒരു നിര്‍ണ്ണായക കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണക്കാന്‍ ഞങ്ങളുടെ നേതാവ് എം.കെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ പ്രേരിപ്പിച്ചു’- എന്നായിരുന്നു ശരവണന്‍ അണ്ണാദുരൈയുടെ ട്വീറ്റ്.

കൂടിക്കാഴ്ചയ്ക്കായി കെ.സി.ആര്‍ നേരത്തേയും സ്റ്റാലിനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കലായതിനാല്‍ ചര്‍ച്ച നീട്ടി വെക്കുകയായിരുന്നു. സ്റ്റാലിന്‍റെ ആല്‍വാര്‍പേട്ടിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത് രാജ്യത്തിന് നല്ലതായിരിക്കില്ലെന്ന അഭിപ്രായം സ്റ്റാലിന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ബിജെപിയെ താഴെയിറക്കണം എന്ന ഡിഎംകെയുടെ അഭിപ്രായത്തോട് കെ.സി.ആര്‍ യോജിച്ചതായും, അതിനായി വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതായും തെലങ്കാന രാഷ്ട്ര സമിതിയിലെ ഉന്നത നേതാക്കളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം വമ്പിച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തില്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശം ആദ്യം മുന്നോട്ടു വെച്ചതും ഡി.എം.കെ നേതാവ് സ്റ്റാലിന്‍ ആയിരുന്നു.