തെലുങ്കാന മാനഭംഗ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം

Jaihind News Bureau
Thursday, December 12, 2019

തെലുങ്കാന മാനഭംഗ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. മുൻ സുപ്രീംകോടതി ജസ്റ്റിസ് വി.എസ്.സിർപുർകർ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.

ഏറ്റുമുട്ടലിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി.എസ്.മണി, പ്രദീപ് കുമാർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബോംബൈ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രേഖ ബൽദോത്ത, മുൻ സിബിഐ ഡയറക്ടർ കാർത്തികേയൻ എന്നിവരെയും സമിതിയിലെ മറ്റ്അംഗങ്ങളായി സുപ്രീംകോടതി നിയമിച്ചു.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉണ്ട്.

ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർദേശം. ഏറ്റുമുട്ടൽ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾക്ക് വസ്തുതകൾ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് തെലങ്കാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

കൊല്ലപ്പെട്ട പ്രതികൾ പോലീസിൽ നിന്ന് തോക്ക് തട്ടിയെടുക്കുകയും പോലീസുകാർക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. സ്വയം രക്ഷക്ക് വേണ്ടിയാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നും മുകുൾ റോഹ്തഗി കോടതിയിൽ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സർക്കാർ എതിർക്കുന്നില്ലെന്നും ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മീഷനും നിലവിൽ ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ടെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി.

തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഡിസംബർ ആറിനായിരുന്നു സംഭവം.