ബി.ജെ.പി നേതാവ് മൂന്ന് വര്‍ഷമായി ക്ഷേത്രത്തിനുള്ളില്‍ വെച്ച് പീഡിപ്പിക്കുന്നു; പരാതിയുമായി പെണ്‍കുട്ടി; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

Jaihind Webdesk
Sunday, May 12, 2019

ബി.ജെ.പി നേതാവ് റിങ്കു ചൗഹാനെതിരെ ലൈംഗിക പീഡന പരാതിയുമായി 20 വയസ്സുകാരി. മൂന്ന് വര്‍ഷമായി ജമ്മുവിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.
2016 ല്‍ ആദ്യമായി ജമ്മുവിലെ മുത്തി പ്രദേശത്തുള്ള ഇസ്‌കോണ്‍ അമ്പല ദര്‍ശനത്തിനായി പോയപ്പോഴാണ് ചൗഹന്‍ ആദ്യമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. അമ്പലത്തിന്റെ ഭരണസമിതിയംഗമാണ് ചൗഹന്‍.

അമ്പലത്തിനുള്ളില്‍ വെച്ചും പുറത്തും പീഡനം നടന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. വധഭീഷണിയുള്‍പ്പെടെ മുഴക്കിയാണ് പീഡനം നടത്തിയത്. രാഷ്ട്രീയത്തിലെ ഉന്നത സ്വാധീനം കാരണം ഇയാള്‍ക്കെതിരെ പരാതിപ്പെടാന്‍ ഭയപ്പെട്ടിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്പലത്തില്‍ പോകുന്നത് നിര്‍ത്തിയെങ്കിലും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പീഡനത്തെക്കുറിച്ച് ചൗഹാന്റെ ഭാര്യയോട് പറഞ്ഞെങ്കിലും അവരും അനുകമ്പ പ്രകടിപ്പിക്കുന്നതിന് പകരം പൊതുജനമധ്യത്തില്‍ വെച്ച് അപമാനിച്ചുവെന്നും ഇരയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

‘അമ്പലദര്‍ശനം നിര്‍ത്തിയപ്പോള്‍ റിങ്കു ചൗഹന്‍ നേരിട്ട് വീട്ടിലേക്ക് എത്തുകയും അമ്പലദര്‍ശനം നടത്തുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തു’ പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് മാതാപിതാക്കളോട് പെണ്‍കുട്ടി സത്യം വെളിപ്പെടുത്തുകയും കുടുംബം അമ്പലം അധികാരികളോട് ബന്ധപ്പെട്ട് റിങ്കു ചൗഹാനെ ഭരണസമിതിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.